എംപിമാര്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് ശശി തരൂര്‍; കോൺഗ്രസിൽ പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശത്തെപ്പറ്റി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ഇനിയും ഒരു കൊല്ലം ബാക്കിയുണ്ട്. ചര്‍ച്ചകള്‍ ഇനിയും നടക്കും. എംപിമാരിൽ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്നും അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. തനിക്കുള്ള സ്വീകാര്യത നേരത്തെയും ഇവിടെയുണ്ടായിരുന്നെന്ന് പറഞ്ഞ ശശി തരൂർ, കോൺഗ്രസിന്റെ തിരിച്ചു വരവിനായാണ് പരിശ്രമമെന്നും കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാർ പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായി. സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂർ പറഞ്ഞു. എന്നാല്‍, സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഈ രണ്ടേ രണ്ട് കാരണങ്ങളാണ് സിറ്റിങ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുകയും പാര്‍ട്ടിക്ക് പുറത്ത് സ്വീകാര്യത കൂടുകയും ചെയ്യുന്നത് എംപിമാരുടെ തീരുമാനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ക്ക് നിയമസഭയിലാണ് കണ്ണ്. മറയില്ലാതെ ഈ കാര്യം പറയുന്നുമുണ്ട്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനാണ് പരിശ്രമമെന്നും എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്നും ശശി തരൂര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു.

മുഖ്യമന്ത്രിയാകാൻ താല്പര്യമുണ്ടെന്ന ശശി തരൂരിന്റെ പ്രഖ്യാപനവും മതസാമുദായിക നേതൃത്വങ്ങളില്‍ നിന്ന് തരൂരിന് ലഭിക്കുന്ന സ്വീകാര്യതയും കൂടുതല്‍ എംപിമാരെ സ്വാധീനിക്കുന്നുണ്ട്. എംകെ രാഘവന്‍ എം പി ഉള്‍പ്പടെ പാര്‍ലമെന്റില്‍ മത്സരിക്കാതെ നിയമസഭയിലേക്ക് ഇറങ്ങുമെന്നും സൂചനയുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് തുറന്ന് പറയുകയാണ് വി ഡി സതീശന്‍.

Top