പലസ്തീന്‍ വിഷയത്തില്‍ ശശി തരൂരിന്റേത് കോണ്‍ഗ്രസ് നിലപാട്, ലീഗ് പ്രതികരണം സ്വാഗതം ചെയുന്നു; പി മോഹനന്‍

തൃശൂര്‍: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് സഹകരിക്കുമെന്ന ലീഗിന്റെ പ്രതികരണം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്നും പി മോഹനന്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

പലസ്തീന്‍ വിഷയത്തില്‍ ശശി തരൂരിന്റെ പ്രതികരണം ആണ് കോണ്‍ഗ്രസ് നിലപാട്. അതിനാല്‍ കോണ്‍ഗ്രസിനെ ക്ഷണിക്കില്ല. ശശി തരൂരിന്റെ നിലപാട് ഒറ്റപ്പെട്ടത് അല്ല. മുന്നണിയില്‍ ലീഗിന് പ്രയാസം ഉണ്ടാകേണ്ടെന്ന് കരുതി ആണ് ആദ്യം വിളിക്കാതിരുന്നത്. ഇപ്പോള്‍ അവര്‍ തന്നെ പോസിറ്റീവ് ആയി പ്രതികരിച്ചുവെന്നും പി മോഹനന്‍ പറഞ്ഞു. ശശി തരൂരിനെ പോലെ ഒരാളെ കോഴിക്കോട്ടെ റാലിക്ക് കൊണ്ട് വന്നത് ശരി ആണോ എന്ന് ലീഗ് തന്നെ പറയട്ടെയെന്നും പി മോഹനന്‍ പറഞ്ഞു.

അതേസമയം, സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നും ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി, ഇല്ലെങ്കില്‍ അവിടെ ഒരു ഇസ്ലാമോഫോബിയ സാഹചര്യം ഉണ്ടായേനെ. ജാതി സെന്‍സസില്‍ കോണ്‍ഗ്രസിന്റെ നിലപാടിനോടൊപ്പമാണ് ലീഗെന്നും അദ്ദേഹം വ്യക്തമാക്കി.

Top