ശശികലയുടെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ്; പാര്‍ട്ടി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെന്ന് പനീര്‍ശെല്‍വം

ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അണ്ണാ ഡിഎംകെ കോഓര്‍ഡിനേറ്റര്‍ ഒ. പനീര്‍ശെല്‍വം. പാര്‍ട്ടിയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ശശികല ആരംഭിച്ച സാഹചര്യത്തിലാണ് പനീര്‍ശെല്‍വത്തിന്റെ പ്രസ്താവന. എന്നാല്‍, ശശികലയെ പാര്‍ട്ടിയില്‍ എടുക്കുന്നത് സംബന്ധിച്ച് ആലോചനയില്ലെന്ന് പാര്‍ട്ടിയുടെ ഡെപ്യൂട്ടി കോഓര്‍ഡിനേറ്റര്‍ എടപ്പാടി പളനിസാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയുടെ അധ്യക്ഷ പദവിയും കൊടിയും ഉപയോഗിക്കുന്നതിനെതിരെ അണ്ണാ ഡിഎംകെ നേരത്തെ ശശികലയ്‌ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. അടുത്തിടെ വികെ ശശികല ജയലളിതയുടെ സമാധി സന്ദര്‍ശിച്ചിരുന്നു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ശശികല ജയ സമാധിയില്‍ സന്ദര്‍ശനം നടത്തിയത്. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കുമെന്ന ആഹ്വാനവുമായാണ് അനുയായികള്‍ എത്തിയത്.

ജയ സ്മാരകത്തിലെത്തിയ ശശികല അനുയായികളുടെ മുന്നില്‍ വെച്ച് വിതുമ്പി കരയുകയും, അണ്ണാ ഡിഎംകെയ്ക്ക് നല്ല കാലം ഉടനുണ്ടാവുമെന്നും ജയലളിതയുടെ ആഗ്രഹം നടപ്പാക്കുമെന്നും ശശികല പറഞ്ഞിരുന്നു. അണ്ണാ ഡിഎംകെയെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം നടപ്പാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ശശികല അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

Top