മനുഷ്യ സ്വാതന്ത്രത്തിന് പരിമിതികളുണ്ട്, സ്വവര്‍ഗ്ഗ ലൈംഗികത മാനസിക വൈകൃതമെന്ന് ശശികല

തിരുവനന്തപുരം: സ്വവര്‍ഗ്ഗലൈംഗികത സ്വഭാവ വൈകൃതമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. സ്വവര്‍ഗ്ഗാനുരാഗം നിയമ വിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ശശികല.

‘ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത് ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും കൂടി പരിഗണിച്ചായിരിക്കാം. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എല്ലാ നിയമവും നാം പിന്തുടരുന്നില്ല. ഐപിസി 377 നെ നിലനിര്‍ത്തിയത് അത് നമ്മുടെ സംസ്‌കാരത്തെ കൂടി പരിഗണിച്ചായിരുന്നു. അതിനാല്‍ ആ നിയമത്തിന്റെ ഭേദഗതി ശരിയാണോ എന്നെനിക്കറിയില്ല’ ശശികല പറഞ്ഞു.

കോടതി വിധിയെ വിമര്‍ശിക്കാന്‍ താന്‍ ആളല്ലെന്നും ഒരുപക്ഷേ ഇത് വ്യക്തി സ്വാതന്ത്ര്യമായിരിക്കാമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് പരിമിതികളുമുണ്ട്. അത് മൃഗത്തിന്‍േറതു പോലെയല്ല. ചില നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ പരിധിയില്ലാത്ത സ്വാതന്ത്ര്യം ഉപയോഗിച്ച് ആളുകള്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ചില നിബന്ധനകള്‍ ആവശ്യമാണ്. സ്വവര്‍ഗ്ഗ ലൈംഗികത ചികിത്സ ആവശ്യമുള്ള മാനസിക വൈകൃതമാണ്. അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണോ എന്നൊരു സംശയമുണ്ടെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

Top