ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം മാത്രം നടത്തിയാല്‍ രാജ്യത്തെ പട്ടിണി മാറില്ലെന്ന് ബിജെപി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. വേണ്ടതില്‍ ഏറെ പ്രസംഗം നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ നോക്കാതെ തകര്‍ന്നു നില്‍കുന്ന തൊഴിലാളി, കര്‍ഷക വിദ്യാര്‍ത്ഥി സമൂഹങ്ങളെ ഉയര്‍ത്തി കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
യശ്വന്ത് സിന്‍ഹയെപ്പോലെയുള്ളവര്‍ പാര്‍ട്ടി വിട്ടതും അരുണ്‍ ഷൂരി മൗനം പാലിക്കുന്നതും എല്ലാം മോദിയുടെ ഏകാദിപത്യത്തിന്റെ ഫലമായാണ്. ഇതിന്റെ അനന്തര ഫലമാണ് നോട്ട് പിന്‍വലിക്കലും ജിഎസ്ടി നടപ്പാക്കലും എല്ലാം. ഇവയെല്ലാം തന്നെ മുതിര്‍ന്ന നേതാക്കളോടോ മറ്റു വിദഗ്ധരോടോ സംസാരിച്ച ശേഷമായിരുന്നില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് ബിജെപി ഭരണം വന്നതോടെ മതവും രാഷ്ട്രീയവും തമ്മില്‍ കൂടി കുഴഞ്ഞ് കിടക്കുകയാണ് . ഇത്തരത്തില്‍ രാജ്യത്തിന് സംഭവിക്കാന്‍ പാടില്ലായെന്നും സിന്‍ഹ പറഞ്ഞു. മതം ഒരു വ്യക്തിപരമായ വിഷയമാണ്. ആര്‍ക്കും അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. മതത്തിന്റെ പേരില്‍ ആരേയും അടിച്ചമര്‍ത്തരുത്.
മതവും രാഷ്ട്രീയവും കലരുമ്പോള്‍ ജനങ്ങള്‍ രോഷം കൊള്ളും. അത് പ്രകടിപ്പിക്കപ്പെടും. ഇതൊക്കെ ഉറക്കെ പറയാന്‍ എനിക്ക് ആഗ്രഹമുണ്ട് . പക്ഷേ ഞാന്‍ ബി.ജെ.പി അംഗമായിരുന്നതുകൊണ്ടാണ് തുറന്നു പറയാഞ്ഞത്. പാര്‍ട്ടിയുടെ ഒരു തിരഞ്ഞെടുപ്പ് പരിപാടിയിലും എന്നെ വിളിക്കാറില്ല. ബിജെപിയുടെ ഏറ്റവും പോപ്പുലറായ പ്രചാരകരില്‍ ഒരാളാണ് ഞാന്‍. പ്രചാരണ സമയത്ത് പരിപാടികള്‍ക്കായി എന്റെ തിയതി കൊടുത്തു. എന്നാല്‍ ഞാന്‍ തിയതി കൊടുത്തില്ലെന്നാണ് അവര്‍ പ്രചരിപ്പിച്ചതെന്നും സിന്‍ഹ ആരോപിച്ചു.
വാജ്‌പേയിയുടെ ഭരണകാലത്ത് തങ്ങള്‍ക്കെല്ലാം അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് രാജ്യം ഭരിക്കുന്നതെന്നും ഇനിയുള്ള തിരഞ്ഞെടുപ്പില്‍ പ്രസംഗത്തില്‍ മയങ്ങി വീഴാതെ ജനങ്ങള്‍ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ജനപ്രതിനിധികളെ തിരഞ്ഞടുക്കുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.