ചായക്കച്ചവടക്കാരനെന്ന പരാമര്‍ശം പ്രധാനമന്ത്രിയ്ക്കു നേരെ ഉന്നയിച്ച് ശത്രുഘ്‌നനന്‍ സിന്‍ഹ

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായക്കച്ചവടക്കാരനെന്ന് പരാമര്‍ശിച്ച് ബി ജെ പി എം പിയും മുന്‍ ബോളിവുഡ് താരവുമായ ശത്രുഘ്‌നനന്‍ സിന്‍ഹ.

ഡല്‍ഹിയില്‍ വച്ച് നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിനിടെയായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശം സിന്‍ഹയുടെ ഭാഗത്തു നിന്നുമുണ്ടായത്.

‘വക്കീല്‍ ബാബുവിന് സാമ്പത്തികമേഖലയെ കുറിച്ച് സംസാരിക്കാമെങ്കില്‍ ടി വി അഭിനേത്രിക്ക് രാജ്യത്തിന്റെ മാനവ വിഭവ ശേഷി വകുപ്പുമന്ത്രിയാകാമെങ്കില്‍ ചായക്കച്ചവടക്കാരന്….കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. എന്തുകൊണ്ടാണ് എനിക്ക് സാമ്പത്തികമേഖലയെ കുറിച്ച് സംസാരിക്കാന്‍ പറ്റാത്തത്’ സിന്‍ഹയുടെ വാക്കുകള്‍ ഇങ്ങനെ പോകുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും, മാനവ വിഭവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനിയെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് സിന്‍ഹ പരാമര്‍ശത്തില്‍ ഉള്‍പ്പെടുത്തിയത്.

രാം മനോഹര്‍ ലോഹ്യ അവതരിപ്പിച്ച ആരോഗ്യകരമായ രാഷ്ട്രീയത്തോടാണ് തനിക്ക് താത്പര്യമെന്നും, ജീവിക്കുകയുമില്ല ജീവിക്കാന്‍ അനുവദിക്കുകയുമില്ല എന്ന മുദ്രാവാക്യവുമായല്ല താന്‍ രാഷ്ട്രീയത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ഓണ്‍ലൈന്‍ മാസികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായക്കച്ചവടക്കാരനെന്ന് വിശേിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പാണ് പുതിയ പരാമര്‍ശവുമായി സിന്‍ഹ രംഗത്തെത്തിയിരിക്കുന്നത്.

തന്നെ മന്ത്രിയാക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ചിലര്‍ വിചാരിക്കുന്നുണ്ട്, മന്ത്രിയാകാന്‍ യാതൊരു ആഗ്രഹവുമില്ല, നിലവില്‍ മന്ത്രിസ്ഥാനത്തുള്ളവര്‍ക്ക് യാതൊരു നിലപാടുമില്ലാത്തവരാണ്, അവര്‍ സ്വന്തം പദവി സംരക്ഷിക്കാന്‍ നേതാവിനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്ന തിരക്കിലാണ് സിന്‍ഹ പറഞ്ഞു.

രാജ്യത്ത് ഗോരക്ഷകര്‍ മനുഷ്യരെ കൊല്ലുന്നു. ബുദ്ധിജീവികളും എഴുത്തുകാരും പത്രപ്രവര്‍ത്തകരും ജഡ്ജിമാരും കൊല്ലപ്പെടുന്നു. ഇന്ന് ജനാധിപത്യത്തിനും മുകളിലാണ് പണത്തിന്റെ ശക്തി. ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് നോട്ട് നിരോധനം മൂലം ജോലി നഷ്ടപ്പെട്ടിരിക്കുന്നത്, യുവാക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി സംസാരിച്ചില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ പിന്നെ ഞാന്‍ എന്താണ് ചെയ്യുന്നത് സിന്‍ഹ ചോദിച്ചു.

Top