ശത്രുപാളയത്തില്‍ ശത്രു, ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസിലേക്ക്‌ . . .

ന്യൂഡല്‍ഹി: ബി.ജെ.പി.യുടെ പ്രമുഖ നേതാവും ബോളിവുഡിലെ മുന്‍കാല നായകനുമായ ശത്രുഖ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ പട്‌ന സാഹോബ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് തീരുമാനം. രണ്ട്‌പേരുള്ള സേനയും ഒറ്റയാള്‍ പ്രകടനവുമാണ് ബിജെപിയിലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പരിഹസിച്ചു .

മുതിര്‍ന്ന നേതാക്കളെ ബിജെപി ചവിട്ടിത്തേയ്ക്കുകയാണ്. ബിജെപിയുടെ സ്ഥാപക ദിനത്തില്‍ തന്നെ കോണ്‍ഗ്രസില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

മോദിയുടെ കടുത്ത വിമര്‍ശകനായ സിന്‍ഹ ബി.ജെ.പിയില്‍ ആയിരുന്നപ്പോഴും മോദിയുടെ നടപടികളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസിലാണെന്നും അതുകൊണ്ട് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ക്കുന്നു എന്നും സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഗാന്ധിയെ നേരിട്ടുകണ്ട് കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ച ശത്രുഘന്‍ സിന്‍ഹ മൂന്ന് പതിറ്റാണ്ടിന്റെ ബിജെപി ബന്ധം ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ എത്തിയത്.

അതേസമയം, ബി.ജെ.പി നേതൃത്വവുമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. സിന്‍ഹ മത്സരിച്ചിരുന്ന പാറ്റ്‌ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

Top