സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഷവോമി

വിപണിയിലെ മറ്റു ഭീമന്‍മാരെയെല്ലാം പിന്തള്ളി ലോകത്തിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനക്കാരായി ഷവോമി. സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ ഭീമന്മാരായ ആപ്പിളിനെയും സാംസങിനെയും വീഴ്ത്തിയാണ് ഷവോമി നേട്ടമുണ്ടാക്കിയത്. ചരിത്രത്തിലാദ്യമായാണ് സാംസങ്ങിനെയും ആപ്പിളിനെയും മറികടന്ന് ഷവോമി ആഗോള വില്‍പനയില്‍ ഒന്നാമതെത്തുന്നത്.

ഏറ്റവും പുതിയതായി പുറത്തുവന്ന കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ടാണ് ഷവോമിയുടെ നേട്ടം സ്ഥിരീകരിക്കുന്നത്. കുറേയധികം നാളുകളായി ഷവോമി ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്‍പന്തിയിലാണ്, എന്നാല്‍ ആഗോളതലത്തിലും ഇതേ നേട്ടം ആവര്‍ത്തിക്കാന്‍ ജൂണ്‍ മാസത്തില്‍ ഷവോമിക്ക് കഴിഞ്ഞുവെന്ന് കൗണ്ടര്‍ പോയിന്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ജൂണ്‍ മാസത്തില്‍ മാത്രം ഷവോമിയുടെ വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ജൂണില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ച കമ്ബനിയെന്ന നേട്ടവും ഇതോടെ ഷവോമി സ്വന്തമാക്കി.

നേരത്തെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ലോകത്ത് ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച രണ്ടാമത്തെ കമ്പനിയെന്ന നേട്ടവും ഷവോമി സ്വന്തമാക്കിയിരുന്നു. 2011ല്‍ ആഗോള മാര്‍ക്കറ്റില്‍ ഷവോമി അവതരിപ്പിക്കപ്പെട്ടതിന് ശേഷം ഇന്നോളം 800 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് വിറ്റഴിച്ചിട്ടുള്ളത്.

യൂറോപ്പിലും ചൈനയിലും ഇന്ത്യയിലുമടക്കം കോവിഡ് വ്യാപനത്തില്‍ ഈ മാസമുണ്ടായ കുറവാണ് ജൂണ്‍ മാസത്തില്‍ ഷവോമിക്ക് നേട്ടമുണ്ടാക്കിയത്. ഈ കാലയളവില്‍ സാംസങ്ങിന് വിപണിയില്‍ തിരിച്ചടി കൂടി നേരിട്ടതോടെ ഷവോമിക്ക് കാര്യങ്ങള്‍ എളുപ്പമായി. വിതരണശൃംഖലയില്‍ നേരിട്ട തടസ്സമാണ് സാംസങിന് തിരിച്ചടിയായത്.

Top