യുണൈറ്റഡ് നേഷന്‍സ്: പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ ലോക നേതാക്കളെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ച പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബെര്‍ഗ് എന്ന പതിനാറുകാരിയെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ നടത്തിയ വൈകാരിക പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് നടത്തിയ ട്വീറ്റിലായിരുന്നു ട്രംപിന്റെ പരിഹാസം.
‘വളരെ സന്തോഷവതിയായി കാണപ്പെടുന്ന ഈ പെണ്‍കുട്ടിക്ക് ശോഭനവും മനോഹരവുമായ ഭാവി ആശംസിക്കുന്നു’- എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. വീഡിയോയില്‍ വൈകാരികമായിട്ടാണ് ഗ്രേറ്റ തുന്‍ബര്‍ഗ് പരിസ്ഥിതി വിഷയത്തിലുള്ള ലോക നേതാക്കളുടെ ഇടപെടലുകള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഇതാണ് ട്രംപിന്റെ വാക്കുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് ഗ്രേറ്റ തുന്‍ബര്‍ഗ് അഴിച്ചുവിട്ടത്.
ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നിങ്ങള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ലോക നേതാക്കളോട് ഗ്രേറ്റാ പറഞ്ഞു. നിങ്ങള്‍ക്കിതിനെങ്ങനെ ധൈര്യം വന്നുവെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ് രോഷാകുലയായി.
‘ഇതെല്ലാം തെറ്റാണ്. ഞാനിവിടെ വരേണ്ടതല്ല. ഞാനിപ്പോള്‍ സ്‌കൂളിലാണ് ഉണ്ടാവേണ്ടിയിരുന്നത്. പൊള്ളയായ നിങ്ങളുടെ വാക്കുകളിലൂടെ എന്റെ ബാല്യകാലത്തെ സ്വപ്നങ്ങള്‍ നിങ്ങള്‍ കവര്‍ന്നു. എന്നാലും എനിക്ക് ഒരല്‍പം ഭാഗ്യമുണ്ട്. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലെ ആളുകളേപ്പോലെ നരകിച്ച് മരിക്കേണ്ട അവസ്ഥയില്‍ ഞാന്‍ എത്തിയിട്ടില്ല. മനുഷ്യര്‍ ദുരിതമനുഭവിക്കുകയാണ്, മരിക്കുകയാണ്, മുഴുവന്‍ ആവാസവ്യവസ്ഥയും തകരുകയാണ്. വലിയ വിനാശത്തിന്റെ വക്കിലാണ് നാം. എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുമെല്ലാമുള്ള കെട്ടുകഥകള്‍ പറയാന്‍ എങ്ങനെ ധൈര്യംവരുന്നു?’-ഗ്രേറ്റ തുന്‍ബര്‍ഗ് ചോദിച്ചു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്റെ ആഗോള മുഖമായി മാറിയിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടി. ഗ്രേറ്റയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ സമരത്തില്‍ 139 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ ഇടപെടല്‍ വേണം. അതും അടിയന്തിരമായി. ഇതാണ് ഗ്രേറ്റയുടെ ആവശ്യം. പ്രവചനാതീതമായ കാലാവസ്ഥ പ്രതിസന്ധിയെ പ്രതിരോധിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഗ്രേറ്റ പറയുന്നു.
സമരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും രാജ്യാന്തര സംഘടനകളും അണിനിരക്കുന്നു. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി നടന്നു കഴിഞ്ഞു.
ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും അവധി എടുത്താണ് പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ ഗ്രേറ്റ ഇറങ്ങി തിരിച്ചത്.
ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങി വമ്പന്‍ കമ്പനികളുടെ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് മാത്രം സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 10 ലക്ഷത്തില്‍ കൂടുതലാണ്. കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള സ്‌കൂള്‍ പണിമുടക്കെന്ന ഗ്രേറ്റയുടെ ആശയത്തെ ലോകം ഏറ്റെടുത്തു കഴിഞ്ഞു.