She Survived ISIS Sex Slavery. Now, She Is A UN Goodwill Ambassador

ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗിക വ്യാപാരത്തിന് ഇരയായ നാദിയ മുറാദിനെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യക്കടത്തിനെതിരെയുള്ള ഗുഡ്‌വില്‍ അംബാസിഡറായി തിരഞ്ഞെടുത്തു.

നാദിയയുടെ അംബാസിഡര്‍ഷിപ്പ് മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ ദുരവസ്ഥ മറ്റുള്ളവര്‍ക്ക് അവബോധം നല്‍കും. നാദിയയെ അംബാസിഡറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ വിജ്ഞാപനമിറക്കി.

നാദിയ മുറാദിന് 19 വയസുള്ളപ്പോള്‍ 2014 ലാണ് ഐ.എസ് തീവ്രവാദികള്‍ ഇറാഖിലെ അവരുടെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. യസീദി സമുദായത്തിലെ നാദിയയുടെ കുടുംബത്തിലെ ആണുങ്ങളെ കൊന്നൊടുക്കിയ ശേഷമായിരുന്നു സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയത്.

സഹോദരങ്ങളെയും മാതാപിതാക്കളേയും കണ്‍മുന്നിലിട്ട് കഴുത്തറുത്ത് കൊന്ന ശേഷം നാദിയയെ തീവ്രവാദികള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും വില്‍പ്പന ചരക്കാക്കുകയും ചെയ്തു.

ഒരിക്കല്‍ ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ ബോധം നഷ്ടമായിട്ടും ആറു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു, നാദിയ 2015ല്‍ യ.എന്‍ സുരക്ഷാ കൗണ്‍സിലില്‍ തന്റെ ഇരുണ്ട അനുഭവങ്ങള്‍ തുറന്ന് പറഞ്ഞു.

നിരവധി യുവതികള്‍ ഇപ്പോഴും ഐഎസിന്റെ തടവറയില്‍ ഉണ്ടെന്നും നാദിയ വെളിപ്പെടുത്തി.

Top