ലണ്ടനിൽ ഗർഭിണിയെന്ന് പറഞ്ഞ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; യുവതിക്ക് 14,885 പൗണ്ട് നഷ്ടപരിഹാരം നൽകണം

ലണ്ടൻ: ​ഗർഭിണിയാണെന്ന് പറഞ്ഞതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ അഡ്മിനിസ്ട്രേഷൻ വിഭാ​ഗത്തിൽ ജോലിചെയ്തിരുന്ന ഷർലറ്റ് ലീച്ച് എന്ന യുവതിയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ​ഗർഭിണിയാണെന്ന് മാനേജരോട് പറഞ്ഞതിനെ തുടർന്നാണ് പിരിച്ചുവിട്ടതെന്ന് 34 കാരിയായ യുവതി പറഞ്ഞു.

മുമ്പ് തനിക്ക് നിരവധി തവണ ​ഗർഭമലസൽ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോ​ഗ്യത്തെക്കുറിച്ചുള്ള ആകുലതകൾ മേലധികാരിയുമായി പങ്കുവെച്ചിരുന്നു എന്നും ഷർലറ്റ് പറയുന്നു. എന്നാൽ ആശ്വാസ വാക്കുകൾക്ക് പകരം പിരിച്ചുവിടൽ നോട്ടീസാണ് ലഭിച്ചതെന്നും ദ് ടെല​ഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു. പുതിയ കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ ഷർലറ്റിന് പ്രസവാവധിക്ക് അർഹതയില്ലെന്നാണ് മേലധികാരിയുടെ അവകാശ വാദം.

‘നിങ്ങളെ ജോലിയിൽ തുടരാൻ അനുവദിക്കാൻ ഞങ്ങൾക്ക് യാതൊരു ബാധ്യതയുമില്ലെ’ന്ന് ഇവർ പറയുന്നു. ജോലി നഷ്ടപ്പെട്ട് ആഴ്ചകൾക്കുള്ളിൽ  തന്നെ ഷർലറ്റിന് കുഞ്ഞിനെയും നഷ്ടപ്പെട്ടു. 2021 മെയ്മാസം മുതലാണ് കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് വകുപ്പിൽ യുവതി ജോലി ചെയ്യാൻ തുടങ്ങിയത്. ​

ഗർഭധാരണവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഷർലറ്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് വ്യക്തമായതിനെ തുടർന്നാണ് എംപ്ലോയ്മെന്റ് ട്രിബ്യൂണൽ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്. 14,885 പൗണ്ട് (14,86,856 രൂപ) നഷ്ടപരിഹാരമായി നൽകാനാണ് ഉത്തരവ്. ഈ സംഭവം തന്നെ ആകെ ഉലച്ചെന്നും അതിന്റെ ആഘാതത്തിൽ നിന്ന് മോചിതയാകാൻ കഴിഞ്ഞില്ലെന്നും യുവതി എംപ്ലോയ്മെന്റ് ട്രിബ്യൂണലിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് ശേഷം മറ്റൊരു ജോലിയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നും ഈ സംഭവം എല്ലായ്‌പോഴും മനസിൽ ഭയം സൃഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു.

Top