ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയില്‍ സഖ്യത്തിനില്ലെന്ന് ഷീല ദീക്ഷിത്. ഡല്‍ഹിയില്‍ ഏഴ് ലോക്‌സഭാ സീറ്റിലും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ഷീല ദീക്ഷിത് പറഞ്ഞു. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ഞായറാഴ്ചയോ തിങ്കളാഴ്ചയോ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ഷീല ദീക്ഷിത് പറഞ്ഞു. കഴിഞ്ഞ ദിവസം എഎപിയും സഖ്യത്തിനുള്ള സാധ്യതകള്‍ അടഞ്ഞതായി അറിയിച്ചിരുന്നു. ഡല്‍ഹിയിലെ സീറ്റുകള്‍ സംബന്ധിച്ച് ധാരണ ഉണ്ടായെങ്കിലും ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ സഖ്യം വേണമെന്ന എഎപിയുടെ ആവശ്യത്തോട് കോണ്‍ഗ്രസ് മുഖംതിരിച്ചതാണ് തിരിച്ചടിയായത്.