ഷീല ദീക്ഷിത് ശരിയായി ഭരിച്ചിരുന്നെങ്കില്‍ എഎപി രൂപീകരിക്കേണ്ടി വരില്ലായിരുന്നു: കേജരിവാള്‍

ന്യൂഡല്‍ഹി: ഷീല ദീക്ഷിതിനെതിരെ വിമര്‍ശനമുന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഷീല ദീക്ഷിത് ശരിയായി ഭരണം നടത്തിയിരുന്നെങ്കില്‍ തനിക്ക് പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടി വരികയില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഷീല ദീക്ഷിത് ഡല്‍ഹിക്ക് സംസ്ഥാന പദവിയില്ലാതെ ഭരണം നടത്തിയില്ലെ, നിങ്ങള്‍ക്കും അത്തരത്തില്‍ ഭരണം നടത്താന്‍ കഴിയില്ലെ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. താന്‍ അവരോട് ചോദിച്ചത്, അവര്‍ നന്നായി ഭരണം നടത്തിയെങ്കില്‍ പിന്നെ എന്തിനാണ് തങ്ങളെ തെരഞ്ഞെടുത്തത് എന്നായിരുന്നു. എന്തിനാണ് ആം ആദ്മി പാര്‍ട്ടിക്ക് ജനങ്ങള്‍ വോട്ട് ചെയ്തത് രാജ്യം 70 വര്‍ഷം നിങ്ങളുടെ ഭരണത്തിന്‍ കീഴിലായിരുന്നു. നിങ്ങള്‍ മികച്ച ഭരണം കാഴ്ചവച്ചിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടി ഉണ്ടാകില്ലായിരുന്നു കേജരിവാള്‍ പറഞ്ഞു. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിച്ചാല്‍ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വളര്‍ച്ചയുണ്ടാകുമെന്നും കേജരിവാള്‍ പറഞ്ഞു.

Top