ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട വാഹന നിയന്ത്രണ പരിഷ്‌കാരം വിജയകരമല്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്ത്. കെജ്‌രിവാള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അവര്‍ പറഞ്ഞു.
പദ്ധതി കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല. ഈ പദ്ധതി നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് പര്യാപ്തമായ ഗതാഗത സൗകര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ പകുതി ബസുകള്‍ കട്ടപ്പുറത്താണ്. അപ്പോള്‍ ജനങ്ങള്‍ക്ക് എങ്ങനെ യാത്ര ചെയ്യാനാവുമെന്നും ദീക്ഷിത്ത് ചോദിച്ചു.
പദ്ധതി വലിയ വിജയമാണെന്ന തരത്തില്‍ പരസ്യപ്രചാരണം നടത്തി ഇന്ത്യക്ക് പുറത്ത് വരെ മതിപ്പുണ്ടാക്കാനാണ് ശ്രമം. എന്നാല്‍ പദ്ധതി നടപ്പാക്കാനാവില്ലെന്നും ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വായു മലിനീകരണം കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട ഗതാഗത നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. ജനുവരി ഒന്നു മുതല്‍ പതിനഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണം വിജയമായതിന് പിന്നാലെയാണ് ഇന്ന് രണ്ടാംഘട്ടത്തിന് കെജ്‌രിവാള്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചത്.
ഈ മാസം 30 വരെയാണ് രണ്ടാംഘട്ട വാഹന നിയന്ത്രണം. ഇത്തവണ ഞായറാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും നിയന്ത്രണം ബാധകമാണ്. നിയന്ത്രണം കാര്യക്ഷമമാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഏഴായിരത്തോളം ഉദ്യോഗസ്ഥരെ ഡല്‍ഹി സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്