മുംബൈ: വിവാദമായ ഷീനാ ബോറ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായി മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ മാപ്പുസാക്ഷി മൊഴി. തനിക്ക് ചില സത്യങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്നും കേസില്‍ മാപ്പുസാക്ഷിയാക്കണമെന്നും അപേക്ഷിച്ച് ശ്യാംവര്‍ കഴിഞ്ഞയാഴ്ച്ച കോടതിക്ക് രണ്ട് പുറങ്ങളുള്ള ഒരു കത്ത് എഴുതിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ ഷീനാ ബോറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും, താനിത് പറയുന്നത് ആരുടെയും സമ്മര്‍ദ്ദം കൊണ്ടോ ഭീഷണി കൊണ്ടോ അല്ലെന്നും തനിക്ക് തോന്നിയ കുറ്റബോധം കൊണ്ടാണെന്നും ശ്യാംവര്‍ കോടതിയില്‍ മൊഴി നല്‍കി.
2015 ആഗസ്തില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാകുന്ന പ്രതിയാണ് ശ്യാംവര്‍. മറ്റൊരു കേസില്‍ പിടിക്കപ്പെട്ട ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷീനാ ബോറയുടെ കൊലപാതകം സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.
പിന്നീട് കേസ് സി.ബി.ഐ ഏറ്റെടുക്കുകയും അന്വേഷണത്തിനൊടുവില്‍ മറ്റുള്ള പ്രതികളെയും പിടികൂടുകയായിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഷീനയെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും മുന്‍ ഡ്രൈവറായിരുന്നു ശ്യാംവര്‍. ഇയാളെ മാപ്പുസാക്ഷിയാക്കുന്നതിനെക്കുറിച്ചുള്ള സി.ബി.ഐയുടെ അഭിപ്രായം ഈ മാസം 17ന് മുന്‍പ് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്യാംവര്‍, ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി, സഞ്ജീവ് ഖന്ന എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യാപേക്ഷയില്‍ അഭിപ്രായം എഴുതി അറിയിക്കാനും കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.