Sheena Bora murder case: Court grants driver Shyamvar Rai pardon, makes him approver

മുംബൈ: ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതകക്കേസില്‍ തനിക്കും മറ്റുള്ളവര്‍ക്കുമുള്ള പങ്കിനെ കുറിച്ച് എല്ലാ കാര്യങ്ങളും കോടതി മുന്‍പാകെ വ്യക്തമാക്കാമെന്ന് മുഖ്യപ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായ്.

മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിലാണ് റായ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെ തുടര്‍ന്ന് ശ്യാംവര്‍ റായിയെ കേസില്‍ മാപ്പുസാക്ഷിയാക്കി കോടതി പ്രഖ്യാപിച്ചു. കേസിലെ ഏക സാക്ഷിയാണ് ശ്യാംവര്‍ റായ്.

ഇന്ന് കേസ് പരിഗണിക്കവെ കേസിനെ കുറിച്ച് അറിയാവുന്ന എല്ലാ കാര്യങ്ങളും തുറന്നുപറയണമെന്ന് ജഡ്ജി എച്ച് എസ് മഹാജന്‍ ശ്യാംവറിനോട് ആവശ്യപ്പെട്ടു.

എന്താണ് സംഭവിച്ചതെന്നും കേസില്‍ ശ്യാംവറിനും മറ്റുള്ളവര്‍ക്കും ഉള്ള പങ്കിനെ കുറിച്ചും തുറന്നുപറയാന്‍ തയ്യാറാണോ എന്നും കോടതി ചോദിച്ചു. ഇതിന് നല്‍കിയ മറുപടിയിലാണ് ഷീനാ ബോറ വധക്കേസില്‍ തന്റെയും മറ്റുള്ളവരുടേയും പങ്കിനെ കുറിച്ച് എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്ന് ശ്യാംവര്‍ പറഞ്ഞത്.

കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് കഴിഞ്ഞ മാസം റായ് കോടതിയോട് അപേക്ഷിച്ചിരുന്നു.ശ്യാംവറിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു.

താനും ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും ചേര്‍ന്ന് കാറിനുള്ളില്‍ വെച്ച് ഷീനയെ കൊലപ്പെടുത്തുകയായിരുന്നെന്ന് നേരത്തെ ശ്യാവര്‍ വെളിപ്പെടുത്തിയിരുന്നു. 2012 ഏപ്രിലിലാണ് ഷീനാ ബോറ അതിദാരുണമായി കൊല്ലപ്പെട്ടത്.

Top