മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ മകൻ അറസ്റ്റിൽ.
രാജസ്ഥാനിൽ നിന്നാണ് 21കാരനായ മകൻ സിദ്ധാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വീട്ടിൽ വച്ചുണ്ടായ തർക്കത്തിനിടെ താൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്.
ഷീന ബോറ കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇൻസ്പെക്ടർ ധ്യാനേശ്വർ ഗനോറിന്റെ ഭാര്യ ദീപാലി ഗനോറെ (42) ആണ് മുംബൈ സാന്താക്രൂസ് ഈസ്റ്റിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴുത്തിനു കുത്തേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധ്യാനേശ്വർ ഗനോർ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കാണുകയായിരുന്നു.
ദീപാലി ഗനോറിന്റെ മൃതദേഹം കിടന്നതിനു സമീപത്ത് കൊലപാതകി ചോര കൊണ്ട് സ്മൈലി വരച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. “അവരെ കൊണ്ട് മടുത്തു, എന്നെ പിടികൂടി തൂക്കിലേറ്റൂ’ എന്ന് രക്തം കൊണ്ട് പ്രതി ഭിത്തിയിൽ എഴുതിയിരുന്നതായും പോലീസ് അറിയിച്ചു.