ബത്തേരി: ബത്തേരിയില്‍ ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ചതിന് ശേഷം സ്‌കൂള്‍ അങ്കണത്തിലെ ഒരാള്‍ പൊക്കത്തിലുള്ള ചിതല്‍ പുറ്റ് പൊളിച്ച് നീക്കി. കുട്ടിയുടെ മരണത്തിന് ശേഷമാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഷഹലയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളിലെയും പരിസരങ്ങള്‍ അടിയന്തരമായി സുരക്ഷിതമാക്കണമെന്ന ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
സ്‌കൂള്‍ പരിസരത്തെ മാലിന്യങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ നീക്കിയിരുന്നു. ക്ലാസ് മുറിയിലെ മാളത്തില്‍ ഷെഹലയുടെ കാല്‍ കുടുങ്ങിയപ്പോഴാണ് പാമ്പ് കടിയേറ്റത്. എന്നാല്‍ ഈ പാമ്പിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ക്ലാസ് മുറിയുടെ തറ പൊളിച്ച് പാമ്പിനെ പിടികൂടാനുള്ള നടപടികളും ഉടന്‍ തുടങ്ങും. ഇന്നലെ തന്നെ ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങള്‍ എല്ലാം സുരക്ഷിതമാക്കണമെന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കര്‍ശന ഉത്തരവിറങ്ങിയിട്ടും, സ്‌കൂള്‍ പരിസരത്തെ വൃത്തിഹീനമായ കുളവും ബാത്‌റൂം പരിസരങ്ങളും വൃത്തിയാക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല.