Shehla Rashid – nju – award

ന്യൂഡല്‍ഹി: ജെഎന്‍യു രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമാണെന്ന് ഭരണാധികാരികള്‍ തന്നെ പ്രചരിപ്പിക്കുന്നതിനിടെ, രാഷ്ട്രപതിയുടെ മികച്ച സര്‍വ്വകലാശാലയ്ക്കുള്ള അവാര്‍ഡുകളില്‍ ബഹുഭൂരിപക്ഷവും ജെഎന്‍യു സ്വന്തമാക്കി. പുരസ്‌കാരം നല്‍കുന്ന രാഷ്ട്രപതിയേയും രാജ്യദ്രോഹിയായി ചിത്രീകരിക്കുമോയെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഉപാധ്യക്ഷ ഷെഹ്ല റാഷിദ്.

ജെഎന്‍യു അടച്ചുപൂട്ടാന്‍ എബിവിപിയും ആര്‍എസ്എസും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളെ ഷെഹ്ല പരിഹസിച്ചു. മികച്ച സര്‍വകലാശാലയ്ക്കുള്ള രാഷ്ട്രപതിയുടെ മൂന്ന് അവാര്‍ഡുകളില്‍ രണ്ടെണ്ണവും സ്വന്തമാക്കിയത് ജെഎന്‍യുവാണ്.

നവീനമായ കണ്ടെത്തലിനും മികച്ച ഗവേഷണത്തിനുമുള്ള പുരസ്‌കാരങ്ങളാണ് ജെഎന്‍യു സ്വന്തമാക്കിയത്. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ഈ മാസം 14ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാകും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്. ആസാമിലെ തേസ്പൂര്‍ സര്‍വകലാശാലയ്ക്കാണ് മികച്ച അക്കാദമിക് സര്‍വകലാശാലയ്ക്കുള്ള പുരസ്‌കാരം.

മോളിക്കുലാര്‍ പാരസൈറ്റോളജി സംഘത്തിനും പ്രൊഫ അലോക് ഭട്ടാചാര്യയ്ക്കും ഗവേഷണത്തിനും, പ്രൊഫ രാകേഷ് ഭട്‌നാഗറിന് നവീന ആശയത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തെ മികച്ച സര്‍വകലാശാലയെ കണ്ടെത്താനുള്ള പുരസ്‌കാരം രാഷ്ട്രപതി ഏര്‍പ്പെടുത്തിയത്.

ആന്ത്രാക്‌സിനെയും മലേറിയയേയും ചെറുക്കാനുള്ള ചികിത്സയെക്കുറിച്ചുള്ള പഠനത്തിനാണ് അവാര്‍ഡുകളെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജെഎന്‍യുവിന് അവാര്‍ഡുകളൊന്നും ലഭിച്ചിരുന്നില്ല.

Top