ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു

ധാക്ക: ബംഗ്ലദേശ് തിരഞ്ഞെടുപ്പില്‍ അവാമി ലീഗ് വന്‍ വിജയം നേടിയതോടെ ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. പ്രസിഡന്റ് അബ്ദുല്‍ ഹമീദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

മന്ത്രിമാരും സഹമന്ത്രിമാരും ഉള്‍പ്പെടെ 46 പേരുടെ മന്ത്രിസഭയാണ് ഹസീനയുടേത്. മന്ത്രിസഭയില്‍ പുതുമുഖങ്ങളാണ് ഏറെയും – 31 പേര്‍, നാലാം തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്.

ഡിസംബര്‍ 30ന് നടന്ന തെരഞ്ഞെടുപ്പില്‍ 298 പാര്‍ലമെന്റ് സീറ്റില്‍ 287 സീറ്റില്‍ ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. രാജ്യത്തെ 300 പാര്‍ലമെന്റ് സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തി എന്ന നേട്ടവും ഇതോടെ അവര്‍ക്ക് സ്വന്തമാകും.

നേരത്തെ 1996 ലും 2008 ലും 2014 ലും പ്രധാനമന്ത്രിയായിരുന്നു. വ്യാപക അക്രമങ്ങള്‍ അരങ്ങേറിയ തിരഞ്ഞെടുപ്പില്‍ കള്ള വോട്ടു സംബന്ധിച്ച പരാതികളും ഉയര്‍ന്നിരുന്നു.

Top