ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റ്

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേല്‍ക്കും. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചതോടെയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പിന്‍ഗാമിയാകുന്നത്. ഷെയ്ഖ് ഖലീഫയുടെ സഹോദരനാണ് ഷെയ്ഖ് മുഹമ്മദ്.

യുഎഇയുടെ മൂന്നാമത്തെ ഭരണാധികാരിയായാണ് അദ്ദേഹം ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്നത്. 61 കാരനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.

യുഎഇ സുപ്രീം കൗണ്‍സിലാണ് പുതിയ പ്രസിഡന്റിന്റെ പേര് പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷമാണ് ഭരണ കാലാവധി. അതു കഴിഞ്ഞാല്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണം. സുപ്രീം കൗണ്‍സിലിലെ അംഗങ്ങളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.

2004 നവംബര്‍ മുതല്‍ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിക്കുന്ന ഷെയ്ഖ് മുഹമ്മദ് അബുദാബിയുടെ 17ാമത് ഭരണാധികാരി കൂടിയാണ്. 2005 മുതല്‍ യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്ററായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ യുഎഇ സൈന്യം ഏറെ നവീകരിക്കപ്പെടുകയും ചെയ്തിരുന്നു.

2004 നവംബര്‍ മൂന്ന് മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അദ്ദേഹത്തിന് 73 വയസായിരുന്നു.

Top