അറസ്റ്റിലായ ഷെയ്ഖ് നബിയ്ക്ക് നയതന്ത്ര സഹായം നല്‍കണം ; പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ അറസ്റ്റിലായ ഇന്ത്യന്‍ പൗരന്‍ ഷെയ്ഖ് നബിയ്ക്ക് നയതന്ത്ര സഹായം നല്‍കണമെന്ന് ഇന്ത്യ. കോണ്‍സുലേറ്റിന് നബിയെ ബന്ധപ്പെടാനുള്ള അവസരം നല്‍കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം പാകിസ്താനില്‍ പിടിയിലായ മുംബൈ, ജോഗേശ്വരരി സ്വദേശി ഷെയ്ഖ് നബി, നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഇന്ത്യ (സിമി)യുമായി ബന്ധമുള്ളയാളാണെന്ന് സുരക്ഷ ഏജന്‍സികള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പരിശീലനത്തിനായി 2005ല്‍ ഇയാള്‍ പാകിസ്താനിലേക്ക് പോയതാണെന്നും ഏജന്‍സികള്‍ പറഞ്ഞു.

നേരത്തെ മതിയായ യാത്ര രേഖകളില്ലാതെ ഇന്ത്യന്‍ പൗരനെ ഇസ്ലാമാബാദില്‍ അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെയ്ഖ് നബി ജോഗേശ്വരരിയില്‍ നിന്ന് കാണാതായതായ താജ് നബിയാണെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

2005ല്‍ പന്ത്രണ്ടോളം യുവാക്കളെ മുംബൈയിലെ ജോഗേശ്വരരിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. യുവാക്കളെ സിമി പ്രവര്‍ത്തകര്‍ സ്വാധീനിച്ചിരുന്നതായും ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലിപ്പിച്ചിരുന്നതായും തീവ്രവാദ വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശീലനത്തിനായി ഇവര്‍ പാകിസ്താനിലേക്ക് പോയത്.

Top