പുലികളിയത്രെ ഏറെ ഇഷ്ടം ; കേരളം കണ്ട് ഷെയ്ഖ് രാജ്യതലസ്ഥാനത്തേക്ക്

കൊച്ചി: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കായി കൊച്ചിയില്‍ നല്‍കിയത് വമ്പന്‍ സ്വീകരണം.

തിരുവനന്തപുരത്തുനിന്നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെയും സംഘത്തെയും മിനി തൃശൂര്‍ പൂരം ഒരുക്കിയാണ് സ്വാഗതം ചെയ്തത്.

വരവേല്‍പ്പിന്റെ ഭാഗമായി അവതരിപ്പിച്ച നാടന്‍ കലാരൂപങ്ങളില്‍ പുലികളിയാണ് ഷെയ്ഖിനു ഏറെ ഇഷ്ടപ്പെട്ടത്.

മുന്‍ നിശ്ചയിച്ചതില്‍ നിന്നു വ്യത്യസ്തമായി ഷെയ്ഖ് സുല്‍ത്താന്റെ കായല്‍ സവാരി റദ്ദാക്കി.

പകരം വിമാനത്താവളത്തില്‍ നിന്നു നേരെ അദ്ദേഹം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ വസതിയിലേക്കു പോയി, വൈകിട്ട് ആഗ്രയിലേക്കും തിരിച്ചു.

തിരുവനന്തപുരം സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കേരളത്തോടും കേരള ജനതയോടും അദ്ദേഹം കാണിച്ച സൗഹൃദത്തിനും സൗമനസ്യത്തിനും നന്ദി പറയുന്നുവെന്നും, ഷാര്‍ജയുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഈ സന്ദര്‍ശനം ഉപകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top