വാഷിങ്ടണ്‍: ഖത്തര്‍ അമേരിക്ക നയതന്ത്രബന്ധത്തെ പുകഴ്ത്തി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. തീവ്രവാദത്തോട് പൊരുതാന്‍ ഇരുരാജ്യങ്ങളുടെയും സഹകരണം അനിവാര്യമാണെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. യുഎസ് പ്രതിരോധസെക്രട്ടറി ജെയിംസ് മാറ്റിസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം.
”തീവ്രവാദം ശക്തിപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഖത്തറും അമേരിക്കയും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും”, ഖത്തര്‍ അമീര്‍ പറഞ്ഞു.
പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ട നടപടികളെടുക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താനും മേഖലയിലെ ഇറാന്റെ ഇടപെടലിനെ ചെറുക്കാനും സഹകരിക്കും. ഇരുരാജ്യങ്ങളും തമ്മിലെ സൈനികബന്ധം ശക്തിപ്പെടുത്താനും യോഗത്തില്‍ ധാരണയായി.
ഖത്തര്‍ അമീറിന്റെ ഔദ്യോഗിക അമേരിക്ക സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ഷെയ്ഖ് തമീം കൂടിക്കാഴ്ച നടത്തിയേക്കും.