യുനെസ്‌കോ’ക്ക് മിണ്ടാട്ടമില്ല; ഗുഡ്വില്‍ അംബാസഡര്‍ പദവിയൊഴിഞ്ഞ് ശൈഖ മൗസ

ദോഹ: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ നിസ്സംഗത പാലിച്ച യുനെസ്‌കോയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഗുഡ്വില്‍ അംബാസഡര്‍ പദവിയൊഴിഞ്ഞ് ശൈഖ മൗസ ബിന്‍ത് നാസര്‍. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ മാതാവും അന്താരാഷ്ട്ര വിദ്യാഭ്യാസ സംഘടനയായ എജുക്കേഷന്‍ എബൗള്‍ ഓള്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സനുമാണ് ശൈഖ മൗസ.

ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇസ്താംബൂളില്‍ ചേര്‍ന്ന ‘യുനൈറ്റഡ് ഫോര്‍ പീസ് ഇന്‍ ഫലസ്തീന്‍’ ഉന്നതതല ഉച്ചകോടിയിലാണ് യുനെസ്‌കോ ഗുഡ്വില്‍ അംബാസഡര്‍ പദവി ഒഴിയുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതെന്ന് ‘അല്‍ ജസീറ’ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയുടെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളുമായി 2003 മുതല്‍ ശൈഖ മൗസ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പ്രധാന ഇരകള്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരപരാധികളായിരുന്നു. നവംബര്‍ 13 വരെയുള്ള കണക്കുകള്‍ പ്രകാരം 4600ല്‍ ഏറെ കുട്ടികളാണ് കൊല്ലപ്പെട്ടത്. ആകെ മരണ സംഖ്യ 11,100ലധികമായി. വിദ്യാഭ്യാസത്തിനും മറ്റുമായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭ സംഘടന ഗസ്സയിലെ കുരുന്നുകളുടെ സംരക്ഷണത്തിലും അവര്‍ക്ക് മാനുഷിക സഹായമെത്തിക്കുന്നതിലും പരാജയപ്പെട്ടതായി ശൈഖ മൗസ വ്യക്തമാക്കിയെന്ന് ‘അല്‍ ജസീറ’ റിപ്പോര്‍ട്ട് ചെയ്തു.

‘കുട്ടികള്‍ ആക്രമിക്കപ്പെടുമ്പോഴും, സ്‌കൂളുകള്‍ തകര്‍ക്കുമ്പോഴും യുനെസ്‌കോയുടെ നിശബ്ദത നിരാശപ്പെടുത്തുന്നു. ഏത് തരത്തിലും യുനെസ്‌കോയുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്നതല്ല ഇത്’ -ശൈഖ മൗസ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി രാഷ്ട്ര നേതാക്കള്‍, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ 60ഓളം ഗുഡ്വില്‍ അംബാസഡര്‍മാരാണ് ‘യുനെസ്‌കോ’യിലുള്ളത്. വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക മേഖലകളിലെ യുനെസ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രചാരം നല്‍കുകയാണ് ഗുഡ്വില്‍ അംബാസഡര്‍മാരുടെ ദൗത്യം.

Top