ന്യൂഡല്‍ഹി : കേന്ദ്രവും തലസ്ഥാനവും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. 400 കോടിയുടെ ടാങ്കര്‍ അഴിമതിക്കേസില്‍ ഡല്‍ഹിയിലെ അഴിമതി വിരുദ്ധ സംഘം(എ.സി.ബി) മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇരുവരെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. അഴിമതിനിരോധന നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആറെന്ന് എ.സി.ബി ചീഫ് മുകേഷ് മീന അറിയിച്ചു. അധികാരദുര്‍വിനിയോഗം, ഗൂഢാലോചന ആസൂത്രണം ചെയ്യുക, കുറ്റകരമായ നിയമലംഘനം എന്നീ വകുപ്പുകളും ഇവര്‍ക്കെതിരെയുണ്ട്.
ഷീല ദീക്ഷിത് സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന ആംആദ്മിയുടെ റിപ്പോര്‍ട്ട് ലഫ്.ഗവര്‍ണര്‍ നല്‍കിയതനുസരിച്ചാണ് എ.സി.ബി അന്വേഷണം നടത്തിയത്. അതേസമയം, കേജ്‌രിവാള്‍ സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടെന്ന് ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത ആരോപിക്കുകയായിരുന്നു.
2012 ല്‍ ഷീല ദീക്ഷിത് ജലവകുപ്പിന്റെ ചെയര്‍പേഴ്‌സണായിരിക്കുമ്പോഴാണ് സ്വകാര്യ കമ്പനികളില്‍ നിന്ന് 385 സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ജലടാങ്കുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നത്. പിന്നീട് ഇതില്‍ 400 കോടിയുടെ അഴിമതി നടന്നതായി എ.എ.പി ഗവണ്‍മെന്റ് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 36.5 കോടിയുടെ നഷ്ടം ടെന്‍ഡര്‍ ഇനത്തില്‍ ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.
ഒരു ടെന്‍ഡര്‍ മാത്രമേ ഇടപാടിനായി എത്തിയുള്ളു എന്ന കാരണം കൊണ്ട് ആദ്യഘട്ടത്തില്‍ അതൊഴിവാക്കിയെങ്കിലും പിന്നീട് ഒറ്റ ടെന്‍ഡറില്‍ത്തന്നെ ഇടപാട് ഉറപ്പിക്കുകയാണ് ചെയ്തത്.