ന്യൂഡല്‍ഹി: യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത്. ഇക്കാര്യം അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്ന് സൂചന.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ് നേതൃത്വം ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിച്ചത്.
എന്നാല്‍ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ ഉയര്‍ത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം.
ഡല്‍ഹിയില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പ്രവര്‍ത്തന പരിചയവും യു.പിയിലെ കുടുംബ ബന്ധങ്ങളും പരിഗണിച്ചാണ് ഷീല ദീക്ഷിതിനോട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ നേതൃത്വം ആവശ്യപ്പെട്ടത്
ഇതിനു പിന്നാലെ 400 കോടിയുടെ വാട്ടര്‍ ടാങ്കര്‍ അഴിമതിക്കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി നല്‍കിയ പരാതി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് കേന്ദ്ര സര്‍ക്കാറിന് അയച്ച് കൊടുത്തത്.
യു.പിയില്‍ കോണ്‍ഗ്രസിന് നാലാം സ്ഥാനമാണുള്ളത്. സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, ബി.ജെ.പി പാര്‍ട്ടികളുടെ പിറകിലുള്ള കോണ്‍ഗ്രസിന്റെ സ്ഥാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ മുന്നിലത്തൊനാണ് നേതൃത്വം ശ്രമിക്കുന്നത്.
ഷീലാ ദീക്ഷിതിന് പഞ്ചാബിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കണമെന്നും നേരത്തെ കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
എന്നാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കമല്‍നാഥിന് പഞ്ചാബിന്റെ ചുമതല നല്‍കിയിരുന്നു.
1984ലെ സിഖ് കലാപത്തില്‍ ആരോപണ വിധേയനായ കമല്‍ നാഥിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു.