ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി ഷെല്ലി ഒബ്‌റോയിയെ ആം ആദ്മി പാർട്ടി നാമനിർദേശം ചെയ്തു. ഡെപ്യൂട്ടി മേയറായി എഎപി എംഎൽഎ ഷോയിബ് ഇഖ്ബാലിന്റെ മകൻ ആലെ മുഹമ്മദ് ഇഖ്ബാലിനെയാണ് നാമനിർദേശം ചെയ്തത്. ജനുവരി ആറിനാണ് ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ്. 39 കാരിയായ ഷെല്ലി ഒബ്‌റോയ് ദില്ലി യൂണിവേഴ്സിറ്റിയിൽ അസി. പ്രൊഫസറായിരുന്നു. മുൻ ദില്ലി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്തയുടെ തട്ടകവും ബിജെപിയുടെ ശക്തികേന്ദ്രവുമായ വാർഡിൽ നിന്നാണ് ആദ്യ അങ്കത്തിൽ തന്നെ ഷെല്ലി ഒബ്രോയി വിജയിച്ചത്.
തെരഞ്ഞെടുക്കപ്പെട്ടാൽ ദില്ലിയിൽ വനിതയെ മേയറാക്കുമെന്ന് എഎപി വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച കൗൺസിലർമാരാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പിൽ നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടാകില്ല. ഡിസംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ 15 വർഷത്തെ ബിജെപിയുടെ കുത്തക അവസാനിപ്പിച്ചാണ് എഎപി ഭരണം പിടിച്ചെടുത്തത്. 250 സിവിൽ വാർഡുകളിൽ എഎപി 134 സീറ്റിൽ ജയിച്ചപ്പോൾ ബിജെപി 104 സീറ്റുകൾ നേടി. കോൺഗ്രസിന് ഒമ്പത് സീറ്റുകളാണ് ലഭിച്ചത്. എഎപി വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ബിജെപി പ്രഖ്യാപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപി ശക്തമായ പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുമെന്നും ബിജെപിയുടെ ആദേശ് ഗുപ്ത പറഞ്ഞു. ദില്ലിയിലെ 250 മുനിസിപ്പൽ കൗൺസിലർമാരും ഏഴ് ലോക്‌സഭ, മൂന്ന് രാജ്യസഭാ എംപിമാരും ദില്ലി നിയമസഭാ സ്പീക്കർ നാമനിർദ്ദേശം ചെയ്യുന്ന 14 എംഎൽഎമാരും ചേർന്നാണ് മേയറെ തെരഞ്ഞെടുക്കുന്നത്.
അതേസമയം, ദില്ലി മേയർ തെരഞ്ഞെടുപ്പിൽ മത്സര സാധ്യതയെക്കുറിച്ച് ബിജെപി നേതാവ് അമിത് മാളവ്യ സൂചന നൽകിയിരുന്നു. നോമിനേറ്റഡ് അംഗങ്ങളുടെ വോട്ടിനനുസരിച്ചായിരിക്കും മേയറെന്നും ചണ്ഡീഗഢിൽ എഎപി ഭൂരിപക്ഷം നേടിയെങ്കിലും മേയറായി ബിജെപി നേതാവിനെ തെരഞ്ഞെടുത്തതും മാളവ്യ ചൂണ്ടിക്കാട്ടി. ജനുവരിയിൽ ചണ്ഡീഗഢിൽ 35 സിവിൽ വാർഡുകളിൽ 14 എണ്ണവും വിജയിച്ച് എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ബിജെപി കൗൺസിലറാണ് മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.