സ്വന്തമായി വീടില്ലാത്ത, ആശ്രയമില്ലാത്ത സ്ത്രീകള്‍ക്ക് സഹായം നല്‍കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയാണ് സ്വധാര്‍ ഗ്രഹ്. 2015ലാണ് പദ്ധതി പ്രഖ്യാപിച്ചത്. 559 ഷെല്‍ട്ടര്‍ ഹോമുകള്‍ക്കായി 200 കോടി രൂപ ഇതിനായി ചെലവാക്കി. വനിതാ-ശിശു സംരക്ഷണ മന്ത്രാലയത്തിന്റെ കീഴിലായിരുന്നു ഇത്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുക, വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശീലനങ്ങളും നല്‍കുക തുടങ്ങിയവയ്ക്കായി നീക്കി വച്ചിരിക്കുന്ന പണമായിരുന്നു ഇത്. 18 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ പണം പാഴായിപ്പോയി എന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.
കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷന്‍ മന്ത്രാലയത്തിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ്, ഒഡിഷ, കര്‍ണ്ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിടെ വിവിധ ഷെല്‍ട്ടര്‍ ഹോമുകളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു റിപ്പോര്‍ട്ട്. 26 കേന്ദ്രങ്ങളില്‍ 25 എണ്ണവും താമസയോഗ്യം പോലും അല്ല എന്നുള്ളതാണ് സത്യം. ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ ഈ അഭയ കേന്ദ്രങ്ങള്‍ നടത്തുന്ന എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ ഇതു വരെ നടപടിയെടുത്തിട്ടില്ല.
വൃത്തിഹീനമായ അന്തരീക്ഷമാണ് ഇത്തരം അഭയ കേന്ദ്രങ്ങളെ സംബന്ധിച്ച് പൊതുവെ പറയുന്ന പ്രധാന പ്രശ്‌നം. മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് കൃത്യമായി ചികിത്സ പോലും ഇവിടെ ലഭിക്കാറില്ലെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാനപ്പെട്ട കണ്ടെത്തല്‍. കട്ടിലോ, കിടക്കയോ, വൃത്തിയുള്ള മുറി പോലും ഇവര്‍ക്കില്ല.
ഉള്‍പ്രദേശങ്ങളിലുള്ള അഭയ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ റെക്കോര്‍ഡുകള്‍ പോലും ഇല്ല. എത്ര ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്, അവരുടെ വിശദാംശങ്ങള്‍, തുടങ്ങിയ സംബന്ധിച്ച് രേഖകള്‍ ഇല്ലാത്തതാണ് മറ്റൊരു ഗുരുതര പ്രശ്‌നം. കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമ ബംഗാളില്‍ 6.19 കോടി രൂപയാണ് അഞ്ച് അഭയ കേന്ദ്രങ്ങള്‍ക്കായി നല്‍കിയത്. എന്നാല്‍, ഈ പണത്തിന് പകരം പുറത്തു നിന്നുള്ള സംഭാവനകളാണ് പ്രധാനമായും ഇവര്‍ ഉപയോഗിക്കുന്നത്. വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും എല്ലാം അത്തരത്തില്‍ ലഭിക്കുന്നതാണ്. ശാരീരികമായി ഇവിടുത്തെ അന്തേവാസികളെ ഉപദ്രവിക്കുന്നു എന്നതാണ് മറ്റൊരു പരാതി. കുറ്റം ചെയ്ത സ്ത്രീകളെ പൂട്ടിയിടാല്‍ താല്ക്കാലിക ജയിലും ഇവിടെ ഉണ്ട്.
ബംഗാളിലെ മഹിളാ സേവാ സമിതിയില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി ഇവര്‍ ഹോസ്റ്റല്‍ നടത്തുകയാണ്. ഈ വിദ്യാര്‍ത്ഥികളില്‍ നിന്നും ഹോസ്റ്റല്‍ ഫീസും അധികൃതര്‍ ഈടാക്കുന്നു.
മാനസിക രോഗം അനുഭവിക്കുന്നവരും എയ്ഡ്‌സ് ബാധിതരും വിവിധ ഷെല്‍ട്ടര്‍ ഹോമുകളില്‍ ഉണ്ട്. എന്നാല്‍, കൃത്യമായ ചികിത്സ ഇവര്‍ക്ക് വഭ്യമാകുന്നില്ല.
ഉത്തര്‍പ്രദേശില്‍ 25 കോടി രൂപയാണ് മൂന്ന് വര്‍ഷം കൊണ്ട് ചെലവാക്കിയത്. കര്‍ണ്ണാടകയിലെ വിവിധ എന്‍ജിഒകള്‍ക്ക് 11 കോടി രൂപ നല്‍കി. സ്ത്രീ സുരക്ഷാ പദ്ധതിയിലെ പണം ഉപയോഗിച്ച് ഹോസ്റ്റല്‍ നടത്തി പൈസ ഉണ്ടാക്കുന്ന കാഴ്ചയാണ് പൊതുവില്‍ കാണുന്നത്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്.
സ്ത്രീ സുരക്ഷ എല്ലാ സര്‍ക്കാരുകളുടെയും പ്രധാനപ്പെട്ട പരിഗണനാ വിഷയം തന്നെയാണ്. വിവിധ പദ്ധതികള്‍ ആഘോഷമായി പ്രഖ്യാപിക്കുന്നതിനൊപ്പം അത് വേണ്ട വിധം നടപ്പിലാക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കപ്പെടണം. പട്ടാപ്പകല്‍ എന്‍ജിഒകളുടെ മറവില്‍ നടത്തുന്ന ഈ കൊള്ള ഇനിയും തിരിച്ചറിയാതെ പോകരുത്.
റിപ്പോര്‍ട്ട്: എ.ടി അശ്വതി