തൃശ്ശൂർ : തൃശ്ശൂരിൽ കഞ്ചാവ് കേസിലെ റിമാന്‍റ് പ്രതി ഷെമീർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ജയിൽ ഡിജിപി ഇന്ന് കോവിഡ് കെയർ സെന്റർ സന്ദർശിക്കും. ഋഷിരാജ് സിങ് ഇന്ന് അമ്പിളിക്കലയിലെത്തി പരിശോധന നടത്തും. തൃശ്ശൂരിലെ ജയിലിലും, കോവിഡ് സെന്‍ററിലും കഴിയുന്ന കേസിലെ മറ്റു പ്രതികളുടെ മൊഴിയും രേഖപ്പെടുത്തും.
ഷെമീറിന്‍റെ ഭാര്യയുടെ മൊഴി ഇന്നലെ എറണാകുളം ജില്ലാ വനിതാ ജയിലിലെത്തി അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഷെമീറിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് നാളെയാണ് പൊലീസിന് ലഭിക്കുക. അതേസമയം ഷെമീറിന്‍റെ ഭാര്യ ഉൾപ്പെടെയുള്ള കൂട്ടുപ്രതികളുടെ വിശദമായ മൊഴി മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ഇന്ന് രേഖപ്പെടുത്തും. കേസിൽ ജയിൽ വകുപ്പ് ജീവനക്കാരെ സംരക്ഷിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് ഇന്നലെ ജയിൽ വകുപ്പ് പുറത്തിറക്കിയത്. ഷെമീറിനെ ജയിൽ ജീവനക്കാർ മർദ്ദിച്ചിട്ടുണ്ടെന്നും, എന്നാൽ മരണകാരണമായേക്കാവുന്ന മർദ്ദനം ഉണ്ടായിട്ടില്ലെന്നും, ചെറിയ ‘റാഗിംഗ്’ പോലുള്ള മർദ്ദനമേ ഉണ്ടായിട്ടുള്ളൂ എന്നുമായിരുന്നു ജയിൽ വകുപ്പിന്‍റെ അന്വേഷണറിപ്പോർട്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന 4 ജീവനക്കാരെ സ്ഥലം മാറ്റി.
ഷെമീറിന് തൃശൂർ ജനറൽ ആശുപത്രിയിൽ വെച്ച് മർദ്ദനമേറ്റിട്ടില്ലെന്നാണ് ആശുപത്രി ജീവനക്കാരുടെ മൊഴി. ലഹരി മരുന്ന് കിട്ടാത്തതിന്റെ അസ്വസ്ഥത പ്രതി കാണിച്ചതിനെ തുടർന്ന് കൈകാലുകൾ കെട്ടിയിട്ടാണ് മയക്കാനുള്ള കുത്തിവെയ്പ്പ് എടുത്തത്. പ്രതിയെ നേരെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ജയിൽ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു എന്നും വ്യക്തമാക്കുന്നുണ്ട്. 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും കഴിഞ്ഞ മാസം 29നാണ് തൃശൂര്‍ ശക്തൻ സ്റ്റാൻഡില്‍ നിന്ന് പൊലീസ് പിടികൂടുന്നത്.
റിമാന്റിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കോവിഡ് സെൻറിലേക്ക് മാറ്റി. അപസ്മാര ബാധയെ തുടര്‍ന്ന് ഷെമീറിനെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെടാൻ ശ്രമിക്കവെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. അന്നു തന്നെ കോവിഡ് സെൻറിലേക്ക് തിരികെ കൊണ്ടുവന്ന ഷെമീറിനെ അബോധാവസ്ഥയിലാണ് രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശരീരം മുഴുവൻ അടിയേറ്റ മുറിവുകളായതിനാല്‍ ഡോക്ടര്‍മാര്‍ ഷമീറിനെ സർജിക്കൽ വാർഡിലേക്ക് മാറ്റി. പിറ്റേന്ന് പുലര്‍ച്ചെ ഷെമീര്‍ മരിച്ചു. ഷെമീർ റിമാൻഡിലിരിക്കെ മരിച്ചത് ക്രൂരമർദ്ദനമേറ്റാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം കോവിഡ് സെന്‍ററിൽ പതിനേഴുകാരന് മർദ്ദനമേറ്റെന്ന പരാതിയും ഡിജിപി ഋഷിരാജ് സിങ് പരിശോധിക്കും.