തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍, ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിച്ചു. ഷെന്‍ഹുവ 15 എന്ന ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്ത് നങ്കൂരമിടാതെ, ഗുജറാത്തിലെ, മുന്ദ്രാ തുറമുഖത്തേക്ക് നീങ്ങുകയാണ്. നാലാം തീയതി കപ്പല്‍ തിരികെ വിഴിഞ്ഞത്ത് എത്തില്ലെന്ന് ഉറപ്പായതോടെ പത്താം തീയതിയോടെ ചടങ്ങ് നടത്താനാണ് നിലവിലെ ആലോചന.
ആഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട ഷെന്‍ഹുവ 15 കേരളാ തീരത്തിന് തൊട്ടടുത്ത് അന്താരാഷ്ട്ര കപ്പല്‍ ചാനലിലൂടെയാണ് നീങ്ങുന്നത്. ഇന്നലെയാണ് ഇന്ത്യന്‍ തീരത്തേക്ക് കപ്പലെത്തിയത്. പക്ഷെ വിഴിഞ്ഞം തുറമുഖത്തേക്ക് അടുത്തില്ല. മുന്‍നിശ്ചയിച്ചത് പോലെ കപ്പല്‍ നിലവില്‍ ഗുജറാത്തിലെ അദാനി തുറമുഖമായ മുന്ദ്രയിലേക്കുള്ള യാത്രയിലാണ്. 29 ഓടെ മുന്ദ്രാ തീരത്തേക്ക് എത്തും. രണ്ട് കൂറ്റന്‍ ക്രെയ്‌നുകള്‍ അവിടെയിറക്കാന്‍ നാല് ദിവസമെടുത്തേക്കും. പത്താം തീയതിക്ക് മുമ്പായി കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് എത്തുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍.
കൂറ്റന്‍ ക്രെയ്‌നുകള്‍ വഹിക്കുന്ന കപ്പല്‍ മണിക്കൂറില്‍ എട്ട് മുതല്‍ പത്ത് നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് ഇപ്പോഴും സഞ്ചരിക്കുന്നത്. കാലാവസ്ഥ മാറ്റങ്ങളും യാത്രയെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് കപ്പലിന്റെ യാത്ര പുരോഗതി തുറമുഖ മന്ത്രി വിലയിരുത്തും. ഇതിന്‌ശേഷം കപ്പലെത്തുന്ന പുതിയ തീയതി പ്രഖ്യാപിച്ചേക്കും.
പത്താം തീയതിയോ, അതിന് ശേഷമോ ചടങ്ങ് നടക്കാനാണ് സാധ്യത. ചടങ്ങ് മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെങ്കിലും, പ്രായോഗിക തടസങ്ങള്‍ തിരിച്ചറിഞ്ഞാണ് തീരുമാനം. കപ്പലെത്തുന്നതിന് മുന്നോടിയായുള്ള അന്തിമ ജോലികളും തുറമുഖത്ത് പുരോഗമിക്കുകയാണ്.