ഷെറിന്‍ വധം: വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ഡാലസ് കോടതി

sherin

വാഷിംഗ്ടന്‍: മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ.

മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനി മാത്യൂസും ബിഹാറില്‍ നിന്ന് ദത്തെടുത്ത ഷെറിന്‍ ദുരൂഹ സാചര്യത്തില്‍ കൊല ചെയ്യപ്പെടുകയായിരുന്നു. കേസില്‍ വളര്‍ത്തമ്മ സിനി മാത്യൂസിനെ പതിനഞ്ച് മാസത്തിന് ശേഷം ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.

2017 ഒക്ടോബര്‍ ഏഴിനാണ് ടെക്‌സസിലെ റിച്ചാര്‍ഡ്‌സണിലുള്ള വീട്ടില്‍നിന്ന് ഷെറിനെ കാണാതായെന്നുകാട്ടി വെസ്ലി പോലീസില്‍ പരാതി നല്‍കുന്നത്. പാലുകുടിക്കാത്തതിന് വീടിന് പുറത്തുനിര്‍ത്തിയ കുട്ടിയെ മിനിറ്റുകള്‍ക്കകം കാണാതായെന്നായിരുന്നു മൊഴി. എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷം വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള ചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. കുട്ടിയുടെ ദേഹത്ത് മുറിവുകളും ഒടിവുകളും കണ്ടതാണ് അന്വേഷണ ഉദ്യോഗസ്ഥരെ സംശയത്തിലാക്കിയത്. ഇതോടെ ദമ്പതിമാരുടെ പേരില്‍ കേസെടുക്കുകയായിരുന്നു. ഷെറിനെ വീട്ടില്‍ തനിച്ചാക്കി പോയി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നതായിരുന്നു സിനിക്കെതിരെ ചുമത്തിയ കുറ്റം.

കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ 20 വര്‍ഷം വരെ തടവ് ലഭിക്കേണ്ട കുറ്റമാണ് സിനിക്കെതിരെ ചുമത്തിയിരുന്നത്. മൂന്ന് വയസുള്ള ഷെറിനെ വീട്ടില്‍ ഒറ്റയ്ക്കാക്കിയ ശേഷം സ്വന്തം കുട്ടിയെയും കൊണ്ട് പുറത്ത് പോയെന്നായിരുന്നു ദമ്പതികളുടെ വാദം. കുട്ടിയില്‍ ചില മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ പ്രതികള്‍ക്ക് കുട്ടിയോട് നീരസമുണ്ടാവുകയും തുടര്‍ന്ന് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.

കേസില്‍ ആദ്യം വധശിക്ഷാ കുറ്റമാണ് ചുമത്തിയിരുന്നതെങ്കിലും പാല് കൊടുക്കുന്നതിനിടെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വെസ്ലി കോടതിയില്‍ പറഞ്ഞത്. രണ്ടാഴ്ചയ്ക്കു ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പുഴു തിന്നു തീര്‍ത്തതിനാല്‍ മരണ കാരണം കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചിരുന്നു. ഇതാണ് വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവായി ശിക്ഷ ചുരുങ്ങിയത്.

Top