സാൻ ഫ്രാൻസിസ്കോ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് ആപ്ലിക്കേഷനുകളുടെ മാതൃകന്പനിയായ മെറ്റയുടെ മുൻ സിഒഒ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ) ഷെറിൽ സാൻഡ്ബെർഗ് ഡയറക്ടർ ബോർഡിൽനിന്നു രാജിവച്ചു. പടിയിറങ്ങാൻ ഇതിനേക്കാൾ മികച്ചൊരു സമയമില്ലെന്നു പറഞ്ഞാണു സാൻഡ്ബെർഗിന്റെ സ്ഥാനമൊഴിയൽ.
മെറ്റയുടെ അനൗദ്യോഗിക ഉപദേഷ്ടാവ് എന്ന നിലയിൽ സാൻഡ്ബെർഗ് തുടർന്നും പ്രവർത്തിക്കും. സാൻഡ്ബെർഗിന്റെ സേവനങ്ങൾക്കു മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് നന്ദി രേഖപ്പെടുത്തി.
മെറ്റ ഫേസ്ബുക്ക് എന്ന പേരിൽ ഒരു ചെറിയ സ്റ്റാർട്ടപ്പായിരുന്ന കാലത്താണു സാൻഡ്ബെർഗ് കന്പനിയിലെത്തുന്നത്. മുന്പു ഗൂഗിളിൽ ജോലി ചെയ്തിരുന്ന അവർ ഫേസ്ബുക്കിന്റെ പരസ്യവിഭാഗത്തെ കന്പനിയുടെ ശക്തികേന്ദ്രമാക്കി മാറ്റി.
ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയൊക്കെ മെറ്റയ്ക്കു കീഴിലാകുന്നതു സാൻഡ്ബെർഗിന്റെ കാലത്താണ്. 14 വർഷം കന്പനിയുടെ സിഒഒ സ്ഥാനത്തു പ്രവർത്തിച്ച സാൻഡ്ബെർഗ്, 12 വർഷം ഡയറക്ടർ ബോർഡിലും അംഗമായിരുന്നു.
2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കേംബ്രിജ് അനലറ്റിക്ക സ്വകാര്യതാ വിവാദം, 2021ലെ കാപ്പിറ്റോൾ കലാപം എന്നിവയൊക്കെ സാൻഡ്ബെർഗിന്റെ കരിയറിലെ കറുത്ത ഏടുകളാണ്.