സോളർ ഗൂഢാലോചനയുടെ പിന്നിലുള്ള എല്ലാവരെയും പുറത്തു കൊണ്ടുവരുമെന്ന് ഷിബു ബേബി ജോൺ

കൊല്ലം : യുഡിഎഫ് മതബോധന പഠന കേന്ദ്രമായിട്ടല്ല, പ്രതികരിക്കുകയും മറുപടി പറയിപ്പിക്കുകയും ചെയ്യുന്ന തരത്തിലേക്ക് മാറണമെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ആർഎസ്‌പി കൊല്ലം പാർലമെന്ററി മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘ഏതു നുണയെയും പൊലിപ്പിച്ചു പ്രചരിപ്പിച്ചു വിശ്വസിപ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ തന്ത്രം. ടി.പി.ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി ക്രൂരമായി കൊലചെയ്ത ഗൂഢാലോചനയ്ക്കു പിന്നിൽ കേരളത്തിൽ ആദ്യം തെളിഞ്ഞു വന്നത് ഒരു മുഖമാണ്. ഉമ്മൻ ചാണ്ടിയെ അതിനേക്കാൾ ഭീകരമായി കൊല്ലാക്കൊല ചെയ്തു മരണത്തിലേക്കു തള്ളിവിട്ട ഗൂഢാലോചനയിലും തെളിയുന്നത് അതേ മുഖമാണ്.

നിയമപോരാട്ടം നടത്തി സോളർ ഗൂഢാലോചനയുടെ പിന്നിലുള്ള എല്ലാവരെയും പുറത്തു കൊണ്ടുവരും. സത്യം ഒരു നാൾ പുറത്തുവരുമെന്ന ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷയാണ് അരോപണങ്ങൾ തുടർച്ചയായി വന്നിരുന്ന അക്കാലത്ത് കരുത്തായിരുന്നത്. വിവാദമായ ആ കത്ത് കൊണ്ടുവന്നതിന്റെ പേരിലാണ് ഒരു പാർട്ടിയെ എൽഡിഎഫിൽ എടുത്തത്. ഈ വൃത്തികെട്ട രാഷ്ട്രീയത്തിന് കേരള ജനത മറുപടി നൽകും’’– അദ്ദേഹം പറഞ്ഞു.

Top