പി.എസ്.സി ചെയര്‍മാനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണം; ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: യുവാവിന്റെ ആത്മഹത്യാ സംഭവത്തില്‍ പി എസ് സി ചെയര്‍മാനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഇതൊരു ഗവണ്‍മെന്റ് സ്‌പോണ്‍സേഡ് കൊലപാതകമാണ്.

തസ്തികകളിലേയ്ക്ക് 100 പേരെ പോലും നിയമിക്കുന്നതിന് മുമ്പ് അവയെല്ലാം ക്യാന്‍സലാക്കുന്നു. എന്നിട്ട് ആ ഒഴിവുകളിലേക്ക് സ്വപ്ന സുരേഷിനെ പോലുള്ള പത്താം ക്ലാസ് പോലും ജയിച്ചിട്ടില്ലാത്തവരെ വന്‍ ശമ്പളത്തിന് കുടിയിരുത്തുന്നു. ഇതാണ് പിണറായി ഭരണമെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പി.എസ്.സി ചെയർമാനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണം.
ഈ ഉത്രാടനാളിൽ ഒരു പി.എസ്.സി ഉദ്യോഗാർത്ഥിയുടെ മരണവാർത്ത കേട്ട് വിറങ്ങലിച്ചു നിൽക്കുകയാണ് കേരളം. എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് നെയ്യാറ്റിൻകരയ്ക്കടുത്ത് കാരക്കോണത്ത് 76 -ാം റാങ്കുകാരൻ ആത്മഹത്യ ചെയ്തു. വളരെ പാവപ്പെട്ട ഒരു കുടുംബത്തിൻ്റെ പ്രതീക്ഷകളാണ് ആ ഒരു മുഴം കയറിൽ ഇല്ലാതായത്. ഇതൊരു ഗവൺമെൻ്റ് സ്പോൺസേർഡ് കൊലപാതകമാണ്. പി.എസ്.സി ചെയർമാൻ സക്കീറിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണം.
നസീമിനെയും ശിവരഞ്ജിത്തിനെയുമൊക്കെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കാനൊരുങ്ങിയ കേരളത്തിലെ പി.എസ്.സിയാണ് എക്സൈസ് പരീക്ഷയിലെ 76 -ാം റാങ്കുകാരനെ മരണത്തിലേയ്ക്ക് തള്ളിവിട്ടതും.
ഓർക്കണം, റാങ്ക് ലിസ്റ്റിൽ 76-ാമത് വന്ന ഒരു മിടുമിടുക്കന് ഇന്ന് കേരളത്തിൽ ജോലിയില്ല. തസ്തികകളിലേയ്ക്ക് 100 പേരെ പോലും നിയമിക്കുന്നതിന് മുമ്പ് അവയെല്ലാം ക്യാൻസലാകുന്നു (ക്യാൻസലാക്കുന്നു). എന്നിട്ട് ആ ഒഴിവുകളിലേക്ക് സ്വപ്ന സുരേഷിനെ പോലുള്ള പത്താംക്ലാസ് പോലും ജയിച്ചിട്ടില്ലാത്തവരെ വൻ ശമ്പളത്തിന് കുടിയിരുത്തുന്നു. ഇതാണ് പിണറായി ഭരണം. ഈ തട്ടിപ്പുകൾക്കെതിരെയുള്ള പ്രതിരോധം യുവാക്കളിൽ നിന്നുതന്നെ ഉയർന്നുവരും. അതിനെ ചെറുക്കാൻ പിണറായി വിജയന് കഴിഞ്ഞെന്ന് വരില്ല

Top