തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ ഷിഗല്ല സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് മെഡിക്കല്‍ ഓഫിസറും ഇന്നലെ അറിയിച്ചിരുന്നു. കുട്ടികളിലെ വയറിളക്ക രോഗം വളരെയധികം ശ്രദ്ധിക്കണം. രോഗം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാനായാല്‍ നല്ല ചികിത്സ ലഭ്യമാക്കാനാകുമെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ജില്ലയില്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമില്ലെന്നും മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം പുത്തനത്താണിയില്‍ ഏഴുവയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. വയറിളക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെ കുട്ടി മരിച്ച് ഷിഗല്ല ബാധിച്ചാണെന്നാണ് സംശയം ഉടലെടുത്തിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ലാബില്‍ നല്‍കിയിരിക്കുകയാണ്. അതേസമയം, ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.