കൊല്ലം: ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിൽ ചെന്നു കണ്ടതായി ഇഎംസിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും പ്രസിഡന്റുമായ ഷിജു എം.വർഗീസ് ആവർത്തിച്ചു. മന്ത്രിസഭയുടെ അംഗീകാരത്തിനു വേണ്ടി വ്യവസായ മന്ത്രിയെ കണ്ടു നിവേദനം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി ന്യൂയോർക്കിലെ ഹോട്ടലിൽ 2019ൽ വിശദമായ ചർച്ച നടത്തി. ഫോമ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹമാണു ചർച്ചയ്ക്കു വഴിയൊരുക്കിയത്. തുടർനടപടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തിയ ആഗോള നിക്ഷേപ സംഗമത്തിൽ കെഎസ്ഐഡിസി എംഡി: എം.ജി. രാജമാണിക്യവുമായി ധാരണാപത്രം ഒപ്പിട്ടു. 2020 ഒക്ടോബർ 28നു സെക്രട്ടേറിയറ്റിലെ ഓഫിസിൽ വിശദപദ്ധതി രേഖയുടെ ആദ്യ ഭാഗം മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കു കൈമാറി.
മന്ത്രിസഭയുടെ അംഗീകാരത്തിനായി ഫെബ്രുവരി 11നു വ്യവസായ മന്ത്രിക്കു നിവേദനം നൽകിയതോടെയാണു പ്രതിപക്ഷം പദ്ധതി രാഷ്ട്രീയവൽക്കരിച്ചു ധാരണാപത്രങ്ങൾ ഇല്ലാതാക്കിയതെന്നു ഷിജു വർഗീസ് ആരോപിച്ചു.