സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ക്രിക്കറ്റ് ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം അണിയുന്ന പുതിയ ജഴ്സിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പുതിയ ജഴ്സിയണിഞ്ഞ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്. പുതിയ ജഴ്സി, പുതിയ പ്രചോദനം, പോകാനൊരുങ്ങാം എന്ന് കുറിച്ചാണ് ധവാന് ചിത്രം പുറത്തു വിട്ടത്.
എന്നാല്‍ ഈ പുതിയ ജഴ്സി 1992 ലോകകപ്പിലെ ഇന്ത്യന്‍ ടീം ധരിച്ച ജഴ്സിയെ ഓര്‍മിപ്പിക്കും വിധമാണ് രൂപ കല്പന ചെയ്തിരിക്കുന്നത്. നിലവിലെ ജഴ്സിയ്ക്ക് ഇളം നീല നിറമാണെങ്കില്‍ പുതിയ ജഴ്സി കടും നീല നിറത്തിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതുതായി കൈകോര്‍ത്ത സ്പോണ്‍സര്‍മാരായ എം.പി.എല്ലിന്റെ ലോഗോ ആണ് ജഴ്സിയിലുള്ളത്. 2023 ഡിസംബര്‍ വരെയാണ് എം.പി.എല്ലുമായുള്ള ബി.സി.സി.ഐയുടെ കരാര്‍.
അതേസമയം, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനും പുതിയ ജഴ്സിയാണുള്ളത്. ഓസ്ട്രേലിയയിലെ ആദിമനിവാസികളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ഓസ്ട്രേലിയന്‍ ടീം ജഴ്സിയുടെ രൂപകല്പന.