മുന്‍ ഭാര്യ അയേഷ മുഖര്‍ജി ശിഖര്‍ ധവാനെ പലതരത്തിലും മാനസികമായി പീഡിപ്പിച്ചു എന്ന് ഡല്‍ഹി കുടുംബ കോടതി. ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം. 2012 ലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് 10 വയസുള്ള ഒരു മകനുണ്ട്. മകന്‍ സോറവീര്‍ ധവാനും അയേഷയും ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളവരാണ്. മുന്‍ ഭര്‍ത്താവില്‍ അയേഷയ്ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്.
തനിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കേണ്ടതിനാല്‍ വിവാഹത്തിനു ശേഷം ഇന്ത്യയിലേക്ക് താമസം മാറാമെന്ന് ഭാര്യ വാക്കുപറഞ്ഞതായി ധവാന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍, വിവാഹത്തിനു ശേഷം ഇന്ത്യയിലേക്ക് മാറാന്‍ അയേഷ വിസമ്മതിച്ചു. ഇന്ത്യയിലേക്ക് മാറിയാല്‍ തന്റെ രണ്ട് പെണ്മക്കളുടെ കസ്റ്റഡി മുന്‍ ഭര്‍ത്താവിനു നല്‍കേണ്ടിവരുമെന്നതായിരുന്നു കാരണം. മകനെ കാണാതെ വര്‍ഷങ്ങളോളം കഴിയേണ്ടിവന്നത് തന്നെ മാനസികമായി ബാധിച്ചു എന്നും ധവാന്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ വാങ്ങിയ തന്റെ മൂന്ന് ഭൂസ്വത്ത് നിര്‍ബന്ധപൂര്‍വം അയേഷ എഴുതിവാങ്ങി. അതില്‍ ഒന്നിന്റെ 99 ശതമാനം അവകാശവും അയേഷയാണ്. മറ്റ് രണ്ടെണ്ണത്തിന്റെ സഹ ഉടമസ്ഥവകാശവും അയേഷയ്ക്കുണ്ട്.
ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ അയേഷയ്ക്ക് സാധിച്ചില്ല എന്ന് കോടതി നിരീക്ഷിച്ചു. ഈ ഭൂസ്വത്ത് വാങ്ങാന്‍ അയേഷ പണം മുടക്കിയിട്ടില്ല. സ്‌നേഹം കൊണ്ട് അവരുടെ പേര് ഉടമസ്ഥരില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല എന്നും കോടതി പറഞ്ഞു.മകനും ആദ്യ ഭര്‍ത്താവിന്റെ രണ്ട് മക്കള്‍ക്കുമുള്ള ചെലവ് തന്നില്‍ നിന്ന് നിര്‍ബന്ധിച്ച് വാങ്ങിയെന്നും ധവാന്‍ ആരോപിച്ചു. ആദ്യ ഭര്‍ത്താവില്‍ നിന്ന് രണ്ട് മക്കള്‍ക്കുള്ള ചെലവ് അയേഷ വാങ്ങുന്നുണ്ടായിരുന്നു. ഇത് കൂടാതെയാണ് തന്നില്‍ നിന്നും പണം വാങ്ങിയത് എന്നും ഇന്ത്യന്‍ താരം വാദിച്ചു.മകനെ ഇടക്കിടെ കാണാന്‍ ധവാന് കോടതി അനുവാദം നല്‍കി. സ്‌കൂളവധിക്ക് മകനെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അയേഷയോട് കോടതി നിര്‍ദ്ദേശിച്ചു.