‘സ്ത്രീധനം തെറ്റെങ്കിൽ വിവാഹം വേർപ്പെടുത്തുമ്പോൾ ഭാര്യയ്ക്ക് കൊടുക്കുന്ന ജീവനാംശവും തെറ്റ്’; ഷൈൻ ടോം

സിനിമയുടെ അണിയറയില്‍ നിന്നും മുൻനിരയിൽ എത്തി തന്റേതായൊരിടം സ്വന്തമാക്കിയ ആളാണ് ഷൈൻ ടോം ചാക്കോ. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച ഷൈൻ ഇന്ന് മലയാളത്തിന് ഒഴിച്ചുകൂടാനാകാത്ത നടനാണ്. ഇപ്പോഴിതാ കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന സ്ത്രീധനത്തെ പറ്റി ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

സ്ത്രീധനം തെറ്റാണെങ്കിൽ വിവാഹം വേർപ്പെടുത്തുമ്പോൾ ഭാര്യയ്ക്ക് കൊടുക്കുന്ന ജീവനാംശവും തെറ്റാണെന്ന് ഷൈൻ പറയുന്നു. ജീവനാംശവും സ്ത്രീധനം പോലത്തെ സംവിധാനം അല്ലേയെന്നും ഷൈൻ ചോദിക്കുന്നു. വിവേകാനന്ദൻ വൈറൽ ആണ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഫിൽമിബീറ്റിനോട് ആയിരുന്നു നടന്റെ പ്രതികരണം.

“സ്ത്രീധനം ഇഷ്ടമുള്ളവര്‍ കൊടുക്കുക. ഇഷ്ടമില്ലാത്തവര്‍ കൊടുക്കാതിരിക്കുക. ഡിവോഴ്സിന്റെ സമയത്ത് ഭാര്യമാര്‍ക്ക് ജീവനാംശം കൊടുക്കുന്നത് എന്തിനാ. അതും സ്ത്രീധനം പോലത്തെ ഒരു കാര്യം അല്ലേ. കല്യാണ സമയത്ത് ഭര്‍ത്താവിന് കൊടുക്കുന്നു. ഡിവേഴ്സിന്റെ സമയത്ത് തിരിച്ചു കൊടുക്കുന്നു. ജീവനാംശം കോടതി തീരുമാനിക്കുന്നു. എന്തിനാണ് വിവാഹം വേര്‍പിരിയുമ്പോള്‍ ഭാര്യക്ക് കാശ് കൊടുക്കുന്നത്. അതല്ലേ വിവാഹത്തിന് മുന്നെയും കൊടുക്കുന്നത്. ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ ആയിരിക്കണ്ടേ. ഞാനും ഡിവോഴ്സിന്റെ സമയത്ത് കാശ് കൊടുത്തിട്ടുണ്ട്. രണ്ട് പേരും തുല്യരല്ലേ. ഒരാള്‍ വേര്‍പിരിയുന്നു. എന്തിന് ഒരാള്‍ക്ക് കാശ് കൊടുക്കണം. തന്നെ കെട്ടാന്‍ ഒരാള്‍ക്ക് ഒരാള്‍ എന്തിന് കാശ് കൊടുക്കണം. ചിലര്‍ പറയും ഞങ്ങളുടെ മകള്‍ക്ക് കൊടുക്കുന്നതാണ് സ്ത്രീധനം എന്ന്. ചിലര്‍ പറയും ചോദിച്ച് വാങ്ങിക്കുന്നതാണെന്ന്. ജീവനാംശവും കൊടുക്കാന്‍ പാടില്ല. ഋത്വിക് റോഷനും ഭാര്യയും പിരിഞ്ഞപ്പോള്‍ കോടികള്‍ ഭാര്യയ്ക്ക് കൊടുത്തില്ലേ. അപ്പോള്‍ അതെന്താ സംഭവം”, എന്നാണ് ഷൈൻ പറയുന്നത്.

ഇന്നത്തെ കാലത്തെ വിവാഹത്തെ കുറിച്ചും ഷൈൻ സംസാരിച്ചു. “ഇപ്പോഴുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും പങ്കാളിയാകാന്‍ പോകുന്ന ആളെ കണ്ട് അറിഞ്ഞ് ഇടപഴകിയിട്ടൊക്കെ അവര്‍ കല്യാണം കഴിക്കാന്‍ തയ്യാറാകൂ. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കൊപ്പം ജീവിക്കുക, അല്ലെങ്കില്‍ ആ വീട്ടില്‍ പോയി ജീവിക്കുക എന്നൊക്കെ പറഞ്ഞാല്‍ പൊരുത്തപ്പെടാന്‍ പറ്റണമെന്നില്ല”, എന്നായിരുന്നു ഷൈൻ പറഞ്ഞത്.

Top