ഡൽഹി : മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാരെ തടഞ്ഞുവച്ച സംഭവത്തിൽ ഇക്വറ്റോറിയൽ ഗിനിക്കെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി. ഹീറോയിക് ഇഡുൻ കപ്പൽ കമ്പനിയാണ് പരാതി നൽകിയത്. രാജ്യം കപ്പൽ ജീവനക്കാരെ അനധികൃതമായി തടവിൽ വച്ചിരിക്കുന്നതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കടലിലെ തർക്കങ്ങൾക്കായി രൂപികരിച്ച ഇന്റർനാഷണൽ ട്രിബ്യൂണൽ ഫോർ ദ ലോ ഒഫ് ദ സീയെ ആണ് കമ്പനി സമീപിച്ചത്.
ഇക്വറ്റോറിയൽ ഗിനിയൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാർ ഇക്വറ്റോറിയൽ ഗിനി നാവികസേനയുടെ യുദ്ധക്കപ്പലിൽ തുടരുകയാണ്. ഇന്നലെ വൈകുന്നേരം ആണ് ഇവരെ തടവു കേന്ദ്രത്തിൽ നിന്ന് യുദ്ധക്കപ്പലിലേക്ക് മാറ്റിയത്. ഇവരെ നൈജീരിയയ്ക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. എല്ലാവരുടെയും പാസ്പോർട്ട് സൈന്യം ഇന്നലെ പിടിച്ചെടുത്തിരുന്നു. അതേ സമയം ഹീറോയിക്ക് ഇഡുൻ എന്ന ചരക്കു കപ്പലിൽ മലയാളി ചീഫ് ഓഫീസർ സനു ജോസും മറ്റ് ഒൻപത് ഇന്ത്യക്കാരും തുടരുന്നുണ്ട്. തങ്ങളുടെ മോചനത്തിനായി കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് കപ്പൽ ജീവനക്കാരുടെ ആവശ്യം.