ബേപ്പൂര്‍: ബേപ്പുര്‍ തുറമുഖത്തുനിന്നു ലക്ഷദ്വീപിലേക്ക് ചരക്കുകളുമായി പോയ ഉരു ആന്ത്രോത്ത് ദ്വീപിനു സമീപം ആഴക്കടലില്‍ മുങ്ങി. ഇന്നലെ ഉച്ചയ്ക്ക് ബേപ്പൂരില്‍നിന്നു കവരത്തി ദ്വീപിലേക്കു പുറപ്പെട്ട എംഎസ്വി ഷാലോം എന്ന ഉരുവാണ് ആന്ത്രോത്ത് ദ്വീപിനു 40 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ന് പുലര്‍ച്ചെ 5.30 മുങ്ങിയത്.
വെള്ളം കയറുന്നതു കണ്ടു തോണിയില്‍ കയറിയ തൊഴിലാളികളെ ഗ്രെയ്‌സ് എന്ന ഉരുക്കാരാണ് രക്ഷിച്ചത്. ഉരുവിലെ ചെറിയ തോണിയില്‍ രക്ഷപ്പെടുകയായിരുന്ന 6 തൊഴിലാളികളെയും ഗ്രെയ്‌സ് ഉരു സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
തമിഴ്‌നാട് തൂത്തുക്കുടി രായര്‍പുരം ഗോപാല്‍ സ്ട്രീറ്റ് സ്വദേശികളായ മില്‍ട്ടണ്‍(49), വെസെന്തി(60), മുരുകന്‍(43), എന്‍.എ.പി.ഹെന്റി(61), ജെ.മരിയ നാവിസ്(54), എ.ജെ.എസ്.ചോന്തവബോസ്(27)എന്നിവരാണ് ഉരുവിലുണ്ടായിരുന്നത്. ഇവരെ ഉച്ചയോടെ ആന്ത്രോത്ത് പോര്‍ട്ട് അസിസ്റ്റന്റ് ഓഫിസില്‍ എത്തിച്ചു. കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ മൊഴിയെടുത്ത ശേഷം വിവരം സബ് ഡിവിഷനല്‍ ഓഫിസറെ അറിയിച്ചു നാട്ടിലേക്ക് എത്തിക്കുന്നതിനു ശ്രമം തുടങ്ങി.
തൂത്തുക്കുടി സ്വദേശി ആര്‍. രമേശിന്റെ ഉടമസ്ഥതയിലുള്ളതാണു മുങ്ങിയ ഉരു. ചരക്ക് ഉള്‍പ്പെടെ 80 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. എംസാന്‍ഡ്, സിമന്റ്, ജെല്ലി, ടൈല്‍സ്, ഫര്‍ണിച്ചര്‍, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, 20 പശുക്കള്‍ എന്നിങ്ങനെ 160 ടണ്‍ ചരക്കുകളാണ് ഉരുവിലുണ്ടായിരുന്നത്.
പുറംകടലില്‍ വീശിയടിച്ച കാറ്റില്‍ ആടിയുലഞ്ഞ ഉരുവില്‍നിന്നു വെള്ളം പുറത്തേക്ക് ഒഴിവാക്കുന്ന പമ്പ് പ്രവര്‍ത്തന രഹിതമായി. ഇതിനിടെ എന്‍ജിന്‍ നിലച്ചു വെള്ളം കയറിയാണ് അപകടമെന്നു തണ്ടേല്‍ മില്‍ട്ടണ്‍ പറഞ്ഞു.