കപ്പലുകള്‍ കൂട്ടിയിടിച്ച സംഭവം ; കമാന്‍ഡര്‍ വൈസ് അഡ്മിറലിനെ പുറത്താക്കിയതായി യുഎസ്

ടോക്കിയോ: യുദ്ധക്കപ്പലും എണ്ണക്കപ്പലും കൂട്ടിയിടിച്ച സംഭവത്തില്‍ ഏഴാം കപ്പല്‍പടയുടെ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ ജോസഫ് അകോയിനെ പുറത്താക്കിയതായി യുഎസ് നേവി അറിയിച്ചു.

സിംഗപ്പൂരിന് സമീപമാണ് യുഎസ് യുദ്ധക്കപ്പലും എണ്ണ ടാങ്കറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

തിങ്കളാഴ്ചയാണ് യുഎസ്എസ് ജോണ്‍ എസ് മക്കെയ്ന്‍ എന്ന യുദ്ധക്കപ്പല്‍ അല്‍നിക് എംസി എന്ന എണ്ണക്കപ്പലുമായി കൂട്ടിയിടിച്ചത്.

അപകടത്തില്‍ തകര്‍ന്ന യുദ്ധക്കപ്പലില്‍ വെള്ളം കയറുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു.

വെള്ളം കയറി കപ്പലിനുള്ളില്‍ ഉറങ്ങുകയായിരുന്ന നാവികര്‍ ഒഴുകിപ്പോവുകയായിരുന്നു.

അപകടത്തില്‍ കാണാതായവര്‍ക്കു വേണ്ടി അമേരിക്കന്‍ ഹെലികോപ്റ്ററുകളും സിംഗപ്പൂര്‍ നേവിയും മലേഷ്യന്‍ നാവികസേനയും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ഏതാനും പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അഡ്മിറല്‍ സ്‌കോട് സ്വിഫ്റ്റ് പറഞ്ഞു.

അഞ്ച് രാജ്യങ്ങളുടെ കപ്പലുകളും വിമാനങ്ങളും ചേര്‍ന്ന് കടലില്‍ തിരച്ചില്‍ തുടരുകയാണ്.

അമേരിക്കന്‍ കപ്പലിനേക്കാള്‍ മൂന്നിരട്ടി ഭാരമുള്ള ടാങ്കറാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഓയില്‍ ചോര്‍ന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പുറത്തു നിന്നുള്ള ഇടപെടലോ സൈബര്‍ ആക്രമണമോ കാരണമായേക്കാമെന്ന് നേവല്‍ ഓപ്പറേഷന്‍സ് അഡ്മിറല്‍ ജോണ്‍ റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

ഇതിനു മുന്‍പ് ജൂണിലും ഏഴാം കപ്പല്‍പ്പടയിലെ യുദ്ധക്കപ്പല്‍ അപകടത്തില്‍പ്പെട്ടിരുന്നു.

യുഎസ്എസ് ഫിറ്റ്‌സ്ജറാള്‍ഡ് എന്ന യുദ്ധക്കപ്പല്‍ ജപ്പാനു സമീപം ചരക്കു കപ്പലുമായി കൂട്ടിയിടിച്ച് ഏഴു നാവികര്‍ കൊല്ലപ്പെട്ടിരുന്നു.

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെട്ട നാല് അപകടങ്ങളാണ് ഈ വര്‍ഷം പസഫികില്‍ ഉണ്ടായത്.

കമാന്‍ഡ് ചെയ്യാനുള്ള വൈസ് അഡ്മിറല്‍ ജോസഫിന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് യുഎസ് നേവി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ജോസഫിനെ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.

2015 മുതല്‍ കമാന്‍ഡര്‍ പദവി വഹിക്കുന്ന ജോസഫ് അകോയിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിരമിക്കാനിരിക്കവെയാണ് പുറത്താക്കിയത്. റിയര്‍ അഡ്മിറല്‍ ഫിലിപ്പ് സ്വയറിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

Top