താക്കറെയുടെ അയോധ്യ സന്ദര്‍ശനത്ത് പ്രത്യേകമായി തീവണ്ടി ബുക്ക് ചെയ്ത് ശിവസേന

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനത്തിന് മുന്നോടിയായി ശിവസേനക്കാര്‍ പ്രത്യേക തീവണ്ടിയില്‍ ഉത്തര്‍പ്രദേശിലേക്ക്.മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ച് മാര്‍ച്ച് ഏഴിനാണ് ഉദ്ധവിന്റെ സന്ദര്‍ശനം. ഇതുമായി ബന്ധപ്പെട്ട് 18 കോച്ചുകളുള്ള പ്രത്യേക തീവണ്ടിയാണ് ഐആര്‍സിടിസി വഴി ബുക്കുചെയ്തിട്ടുള്ളത്.

മുംബൈ ലോകമാന്യ തിലക് ടെര്‍മിനസില്‍നിന്ന് അയോധ്യയിലേക്കും തിരിച്ചും പ്രത്യേക തീവണ്ടി ഓടും. വെള്ളിയാഴ്ച വൈകീട്ടോടെ അയോധ്യയിലെത്തുന്ന തീവണ്ടി തൊട്ടടുത്ത ദിവസം രാത്രി 11.20 ന് മുംബൈയിലേക്ക് യാത്രതിരിക്കും. മാര്‍ച്ച് ഒമ്പതിനാവും ലോകമാന്യതിലക് ടെര്‍മിനസില്‍ എത്തിച്ചേരുക. താനെ, കല്യാണ്‍, ഇഗത്പുരി, ഭുസവാള്‍ എന്നിവിടങ്ങളിലും മറ്റ് ആറ് സ്റ്റേഷനുകളിലും തീവണ്ടി നിര്‍ത്തും. 2018 നവംബറിലും ഉദ്ധവ് അയോധ്യ സന്ദര്‍ശിച്ചിരുന്നു. അന്ന് മുംബൈയില്‍നിന്നും നാസിക്കില്‍നിന്നും രണ്ട് പ്രത്യേക തീവണ്ടികളാണ് അയോധ്യയിലേക്ക് പാര്‍ട്ടി ഏര്‍പ്പെടുത്തിയിരുന്നത്.

Top