ന്യൂഡല്‍ഹി: എയര്‍ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച സംഭവത്തില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിനെതിരെ വധശ്രമത്തിന് കേസെടുത്തു.
ഡല്‍ഹി എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാകും കേസ് അന്വേഷിക്കുക.
അതേസമയം, ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കിയില്ലെന്ന് കാട്ടി എയര്‍ഇന്ത്യയ്‌ക്കെതിരെ എംപി ഗെയ്ക്വാദും പരാതി നല്‍കിയിട്ടുണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടും സീറ്റ് നല്‍കിയില്ലെന്നാണ് പരാതി.
വ്യാഴാഴ്ച രാവിലെ പുണെയില്‍നിന്നു ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യയുടെ ഐഎ 852 വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംപിയാണു ഗെയ്ക്ക്വാദ്. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയെങ്കിലും ആ ക്ലാസ് ലഭിക്കാതെ ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കേണ്ടിവന്നത് അദ്ദേഹത്തെ ക്ഷുഭിതനാക്കുകയായിരുന്നു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയിട്ടും എംപി പുറത്തിറങ്ങാന്‍ തയാറായില്ല. എംപിയെ അനുനയിപ്പിച്ചു പുറത്തിറക്കാന്‍ ശ്രമിക്കവേയാണു ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത്.