ശിവസേനയ്ക്ക് ‘തമിഴ് ലങ്ക’ക്കാരോട് പെരുത്ത് സ്‌നേഹം; പൗരത്വ ബില്ലില്‍ പൂഴിക്കടകന്‍

ഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്ലില്‍ ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് ഹിന്ദുക്കളെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും ഇല്ലെന്ന് മുതിര്‍ന്ന ശിവസേന എംപി സഞ്ജയ് റൗത്ത്. രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലില്‍ ചര്‍ച്ച നടക്കവെയാണ് സേനയുടെ ലങ്കന്‍ തമിഴ് പ്രേമം.

ഇസ്ലാമിക് രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് ബില്‍. എന്നാല്‍ മുസ്ലീം അഭയാര്‍ത്ഥികളെ പൗരത്വത്തില്‍ നിന്നും അകറ്റുന്നുവെന്നതാണ് ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന് പ്രധാന കാരണം. നേരത്തെ ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറും, അഭിനേതാവും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനും ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന തമിഴ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി രംഗത്ത് വന്നിരുന്നു.

ഇതിനിടെയാണ് തെക്കെ ഇന്ത്യയില്‍ നിന്നുള്ള ജനതയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തി രാഷ്ട്രീയ വളക്കൂറ് സൃഷ്ടിച്ച ശിവസേന പൊടുന്നനെ തമിഴ് പ്രേമം പുറപ്പെടുവിച്ചത്. തെക്കെ ഇന്ത്യക്കാരെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെ മോശക്കാരനായിരുന്നില്ല. മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം തെക്കെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്നാണ് ശിവസേന തങ്ങളുടെ ആദ്യ പ്രകടനപത്രികയില്‍ കുറ്റപ്പെടുത്തിയത്.

തമിഴ്‌നാട്, കര്‍ണ്ണാടകം, കേരളം, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജോലി നല്‍കുന്നതിന് എതിരെ മഹാരാഷ്ട്രക്കാരെ ഉപദേശിച്ച പാര്‍ട്ടി കൂടിയാണ് ശിവസേന. എന്നാല്‍ അടുത്തിടെ ഈ നിലപാടുകളില്‍ സേന മയം വരുത്തുകയാണ്.

Top