ബിജെപി ചാക്കിട്ട് പിടിക്കുമോ എന്ന് ഭയം; ശിവസേന എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റി

മുംബൈ :മഹാരാഷ്ട്രയില്‍ കാവല്‍സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരു ദിവസം കൂടി മാത്രം ബാക്കി നില്‍ക്കെ എംഎല്‍എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റി ശിവസേന. ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സേനയുടെ പുതിയ നീക്കം.

ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തിനു ശേഷമാണ് ശിവസേന എം.എല്‍.എമാരെ മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. സേനാഭവനില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം അകലെയുള്ള രംഗ്ശാരദ ഹോട്ടലിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്.

മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി യോഗത്തിനു ശേഷം ശിവസേന എംഎല്‍എമാര്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നിലപാട് അംഗീകരിക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയില്‍ ശിവസേനയുടെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഗഡ്കരി ഇന്ന് പറഞ്ഞിരുന്നു. ഒത്തുതീര്‍പ്പ് ഫോര്‍മുലയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗഡ്കരിയുടെ പേര് കടന്നുവരുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഗഡ്കരി വ്യക്തമാക്കിയിരുന്നു.

താന്‍ ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രിയിലേയ്ക്ക് പോകില്ലെന്ന് പറഞ്ഞ ഗഡ്കരി ഫഡ്‌നാവിസ് തന്നെയാണ് മുഖ്യമന്ത്രിയാകുക എന്നും വ്യക്തമാക്കിയിരുന്നു. ബിജെപിക്ക് 105 സീറ്റുകള്‍ ഉള്ള സാഹചര്യത്തില്‍ പാര്‍ട്ടിയില്‍നിന്നു തന്നെയാവും മുഖ്യമന്ത്രിയെന്നും ഗഡ്കരി അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയും സേനയും തമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നതയില്‍ ആര്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന എം.എല്‍.എമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി

Top