മാതാപിതാക്കള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിരാഹാരം കിടക്കണം;വിവാദ ആഹ്വാനവുമായി സന്തോഷ് ബംഗാരു

ഡല്‍ഹി: മാതാപിതാക്കള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിരാഹാരമിരിക്കാന്‍ കുട്ടികളോട് ആഹ്വാനം ചെയ്ത് ഏകനാഥ് ഷിന്‍ഡെ വിഭാഗം ശിവസേന എംഎല്‍എ. കലംനൂരി എംഎല്‍എ സന്തോഷ് ബംഗറുടേതാണ് വിവാദ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ ആഹ്വാനം.

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് ബംഗാര്‍ കുട്ടികളോട് നിരാഹാരമിരിക്കാന്‍ ആഹ്വാനം ചെയ്തത്. ”അടുത്ത തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ മാതാപിതാക്കള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ രണ്ട് ദിവസം ഭക്ഷണം കഴിക്കരുത്. എന്തുകൊണ്ട് ഭക്ഷണം കഴിക്കുന്നില്ലെന്ന് അച്ഛനമ്മമാര്‍ ചോദിച്ചാല്‍ അവരോട് പറയണം, സന്തോഷ് ബംഗറിന് വോട്ട് ചെയ്യൂ, എങ്കില്‍ മാത്രമേ ഞങ്ങള്‍ ഭക്ഷണം കഴിക്കൂ എന്ന്”- എംഎല്‍എ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പിന്നാലെ എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പലരും രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ബംഗാറുടെ പ്രസ്താവനയെന്ന് എന്‍സിപി-എസ്പി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ബിജെപിയുടെ സഖ്യകക്ഷിയായതിനാലാണ് ഇയാള്‍ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Top