മുംബൈ: ശിവസേന (ഏക്നാഥ് ഷിന്‍ഡേ) വിഭാഗം നേതാവ് ഹേമന്ദ് പാട്ടീല്‍ ലോക്സഭാ എം.പി. സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നടക്കുന്ന മറാത്താ സംവരണ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജി. ഹിംഗോലി മണ്ഡലത്തെയാണ് ഹേമന്ദ് പ്രതിനിധാനം ചെയ്തിരുന്നത്.
മറാത്താ സമുദായത്തിന്റെ വികാരം വളരെ ശക്തമാണെന്നും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയിരുന്ന ആളാണ് താന്‍ എന്നും ഹേമന്ദ്, രാജിക്കത്തില്‍ പറയുന്നു. മറാത്ത സംവരണ പ്രക്ഷോഭത്തിന പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് രാജിവെക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസം എന്നിവയിലാണ് മറാത്താസമുദായം സംവരണം ആവശ്യപ്പെടുന്നത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹേമന്ദ്, യവത്മലിയില്‍ മറാത്താസംവരണ പ്രതിഷേധവേദിയില്‍വച്ചാണ് രാജിക്കത്ത് എഴുതിയത്. ഇത് ഉടന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറുമെന്നാണ് വിവരം.