ഒരു കറി വെയ്ക്കുമ്പോഴുള്ള ചേരുവകളല്ല മറ്റൊരു കറി ഉണ്ടാക്കുമ്പോള്‍ ചേര്‍ക്കുക. എന്നത് പോലെയാണ് രാഷ്ട്രീയ സഖ്യങ്ങളുടെയും അവസ്ഥ. രാഷ്ട്രീയത്തില്‍ കൂട്ടുകാര്‍ ശത്രുക്കളാകുന്നതും, ശത്രുക്കള്‍ മിത്രങ്ങളാകുന്നതുമെല്ലാം സാധാരണ കാര്യങ്ങളാണ്, ഇതിന് അനുസൃതമായി നിലപാടുകളില്‍ ചെറിയ മാറ്റം വരുത്തണമെന്ന് മാത്രം. ഉദ്ധവ് താക്കറെയും ശിവസേന ഇതിന് മാതൃകയായി മതേതരത്വത്തിലെ നിലപാട് മയപ്പെടുത്താന്‍ ഒരുങ്ങുകയാണ്.
എന്‍സിപിയും, കോണ്‍ഗ്രസുമായി കൂട്ടുകൂടാനാണ് ശിവസേന ഈ മാറ്റം വരുത്തുന്നത്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന മതേതരത്വം തങ്ങളും പിന്തുടരുന്നതായാണ് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞത്. ‘ഇന്ത്യയുടെ ആമുഖത്തില്‍ മതേതരത്വം എന്ന വാക്കുണ്ട്. ശിവസേന ഭരണഘടനയാണ് പിന്തുടരുന്നത്. എല്ലാ കര്‍ഷകര്‍ക്കും, സാധാരണ ജനങ്ങള്‍ക്കും മതം നോക്കാതെ സഹായങ്ങള്‍ നല്‍കണം. എല്ലാ സമുദായങ്ങളെയും ഒരുമിപ്പിച്ചാണ് ശിവജി മഹാരാജ് അദ്ദേഹത്തിന്റെ സാമ്രാജ്യം സൃഷ്ടിച്ചത്’- റൗത്ത് പറഞ്ഞു.
സേന, കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍ ഒത്തുചേരുന്ന ഘട്ടത്തില്‍ പുറത്തിറക്കുന്ന കോമണ്‍ മിനിമം പ്രോഗ്രാമില്‍ മതേതരത്വം എന്ന വാക്കും സ്ഥാനംപിടിക്കുമെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. തങ്ങള്‍ക്കൊപ്പം കൂട്ടുകൂടാന്‍ ശിവസേന ഹിന്ദുത്വ രാഷ്ട്രീയം മാറ്റിവെയ്ക്കണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യം.
നേരത്തെ അയോധ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ ഉദ്ധവ് താക്കറെ എന്‍സിപി, കോണ്‍ഗ്രസ് സമ്മര്‍ദത്തില്‍ ഈ പദ്ധതി റദ്ദാക്കിയിരുന്നു. ശിവസേനയുടെ സര്‍ക്കാര്‍ സൃഷ്ടിക്കാനുള്ള ഈ മാറ്റത്തില്‍ കോണ്‍ഗ്രസിന് ആശങ്കകള്‍ ഏറെയാണ്.